മനാമ: ബഹ്റൈനിൽ ഗാർഹിക തൊഴിലാളികളുടെ വർക്ക് പെർമിറ്റ് സ്റ്റാറ്റസും കാലാവധിയും പരിശോധിക്കാനുള്ള സേവനം ലളിതമാക്കി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ). ‘ഹുകുമതി’ ആപ്പ് വഴിയുള്ള നടപടിക്രമങ്ങൾ രണ്ട് ഘട്ടങ്ങളായി ചുരുക്കിയതായി അധികൃതർ അറിയിച്ചു. സർക്കാർ ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമാക്കുന്നതിന്റെ ഭാഗമായാണ് മാറ്റം.
പുതുക്കിയ സേവനത്തിലൂടെ ഇ-കീ 2.0 ഉപയോഗിച്ച് ഗാർഹിക തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് വിവരങ്ങൾ പരിശോധിക്കാം. ഉപയോക്താക്കൾ ഐഡന്റിറ്റി കാർഡ് നമ്പറും പാസ്പോർട്ട് നമ്പറും നൽകി രാജ്യം തിരഞ്ഞെടുക്കണം.
നടപടിക്രമങ്ങൾ ലളിതമാക്കുന്നതും ഡിജിറ്റൽ സംവിധാനങ്ങൾ വിപുലീകരിക്കുന്നതും ഉപയോക്താക്കളുടെ സമയവും പ്രയത്നവും കുറയ്ക്കുമെന്ന് എൽ.എം.ആർ.എ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് അഹമ്മദ് ഇബ്രാഹിം അൽ അറാബി പറഞ്ഞു. തൊഴിൽ വിപണി സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനും ഇത്തരം പരിഷ്കാരങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പൊതുസേവനങ്ങളുടെ നവീകരണത്തിന്റെ ഭാഗമായി ബഹ്റൈനിൽ ഇതിനോടകം 1,300-ലധികം സർക്കാർ സേവനങ്ങൾ രേഖപ്പെടുത്തുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ നിർദേശ–പരാതി സംവിധാനമായ ‘തവാസൂൽ’ വഴി പൊതുജനങ്ങൾ നൽകിയ അഭിപ്രായങ്ങളും നിക്ഷേപകരുടെ പ്രതികരണങ്ങളും പരിഗണിച്ചാണ് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നത്.

