മനാമ: ബഹ്റൈനിൽ ഇന്ധനവില ഗണ്യമായി ഉയർന്ന സാഹചര്യത്തിൽ സർക്കാർ ജീവനക്കാരുടെ യാത്രാബത്ത വർധിപ്പിക്കണമെന്ന ആവശ്യവുമായി എം.പിമാർ. നിലവിൽ പ്രതിമാസം നൽകുന്ന 20 ബഹ്റൈനി ദിനാർ യാത്രാച്ചെലവുകൾക്ക് പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി എം.പിമാരായ ഹിഷാം അബ്ദുൽ അസീസ് അൽ അവാധിയും ഖാലിദ് സാലിഹ് ബു ഒങ്കും പാർലമെന്റിൽ അടിയന്തര പ്രമേയം സമർപ്പിച്ചു.
ഇന്ധനവിലയിലെ വ്യതിയാനങ്ങൾക്ക് അനുസൃതമായി യാത്രാബത്ത നിശ്ചിത ഇടവേളകളിൽ പരിഷ്കരിക്കുന്നതിനുള്ള സ്ഥിരവും സുതാര്യവുമായ സംവിധാനം ഏർപ്പെടുത്തണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
ഒക്ടോബർ മുതൽ രാജ്യത്തെ ഇന്ധനവിലയിൽ വീണ്ടും വർധനയുണ്ടായി. 91 ഒക്ടെയ്ൻ പെട്രോളിന്റെ വില ലിറ്ററിന് 225 ഫിൽസിൽനിന്ന് 235 ഫിൽസായും 95 ഒക്ടെയ്ൻ പെട്രോളിന്റേത് 247 ഫിൽസിൽനിന്ന് 277 ഫിൽസായും ഉയർന്നു. സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 410 ഫിൽസും ഡീസലിന് 260 ഫിൽസുമാണ് പുതിയ നിരക്ക്. ഡീസൽ വിലയിൽ 31 ഫിൽസിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.
യാത്രാച്ചെലവും വാഹനപരിപാലനച്ചെലവും ക്രമാതീതമായി ഉയരുമ്പോഴും അലവൻസ് മാറ്റമില്ലാതെ തുടരുന്നത് ശരിയല്ലെന്ന് എം.പി ഹിഷാം അൽ അവാധി പറഞ്ഞു. വിദൂര സ്ഥലങ്ങളിൽനിന്ന് ജോലിക്കെത്തുന്ന ജീവനക്കാരെയാണ് നിലവിലെ സാഹചര്യം കൂടുതലായി ബാധിക്കുന്നത്. ജീവനക്കാർക്ക് ആവശ്യമായ പിന്തുണ നൽകുന്നത് സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യാത്രാബത്തയിൽ താൽക്കാലിക വർധന വരുത്തുകയല്ല പ്രമേയത്തിന്റെ ലക്ഷ്യമെന്ന് എം.പി ഖാലിദ് ബു ഒങ്ക് പറഞ്ഞു. ഭാവിയിൽ ഇന്ധനവില ഉയരുകയോ കുറയുകയോ ചെയ്യുന്നതിന് അനുസരിച്ച് അലവൻസ് പരിഷ്കരിക്കാവുന്ന വ്യക്തമായ മാനദണ്ഡമാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം പ്രമേയം കൂടുതൽ പഠനത്തിനായി ഫിനാൻഷ്യൽ ആൻഡ് ഇക്കണോമിക് അഫയേഴ്സ് കമ്മിറ്റിക്ക് കൈമാറി. വിഷയം അടുത്തയാഴ്ച പാർലമെന്റിന്റെ പൊതുസഭ ചർച്ച ചെയ്യും.

