തിരുവനന്തപുരം: മൊബൈൽ ആപ്പിലൂടെ പുസ്തകങ്ങൾ വായിച്ചാൽ പണം സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് 106 പേരിൽനിന്നായി 1.25 കോടി രൂപ തട്ടിയെടുത്ത കേസിന്റെ തുടരന്വേഷണം സൈബർ ക്രൈം വിഭാഗത്തിന് കൈമാറാൻ തീരുമാനം. കേസിന്റെ വ്യാപ്തിയും ഗൗരവവും പരിഗണിച്ച് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുന്നതും പരിഗണനയിലുണ്ട്. തട്ടിപ്പിന് അന്താരാഷ്ട്ര ശൃംഖലയുമായി ബന്ധമുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ ഇടനിലക്കാരായി പ്രവർത്തിച്ച ആറുപേർക്കെതിരെ വിതുര പോലീസ് കേസെടുത്തു. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് നെടുമങ്ങാട് ഡിവൈ.എസ്.പി റൂറൽ എസ്.പി പ്രശാന്തൻ കാണിക്ക് സമർപ്പിച്ചു. തൊളിക്കോട് തേവൻപാറ സുമയ്യ മൻസിലിൽ മുഹമ്മദ് സാബിത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
എൻടിഎൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ‘എൻടിഎൽ’ മൊബൈൽ ആപ്പ് കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പെന്നാണ് പരാതി. ആളുകൾക്ക് ആപ്പ് പരിചയപ്പെടുത്തുകയും ഇടനിലക്കാരായി പ്രവർത്തിക്കുകയും ചെയ്തവർക്കെതിരെയാണ് പ്രാഥമികമായി കേസെടുത്തത്. എന്നാൽ, കമ്പനി അധികൃതർ തങ്ങളെയും തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പിന്റെ ഭാഗമാക്കിയതാണെന്ന് ആരോപിച്ച് ഇടനിലക്കാരനായ തൊളിക്കോട് സ്വദേശി സനോഫറും വിതുര പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ആദ്യം 1,800 രൂപ അടച്ച് ആപ്പിൽ അംഗത്വമെടുക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. ഈ തുകയ്ക്ക് പകരം പുസ്തകങ്ങൾ അയച്ചുനൽകുകയും ഓരോ പുസ്തകവും വായിക്കുന്നതിന് 25 രൂപ വീതം പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടക്കത്തിൽ നിക്ഷേപിച്ച തുകയുടെ ഇരട്ടിയോളം ലാഭമായി തിരികെ നൽകി ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുന്നതായിരുന്നു തട്ടിപ്പിന്റെ രീതി.
പിന്നീട് ആപ്പിൽ നൽകിയിരുന്ന യു.പി.ഐ നമ്പറിലേക്ക് വലിയ തുകകൾ നിക്ഷേപിക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. വിവിധ ഘട്ടങ്ങളിലായി വൻതുക സമാഹരിച്ചശേഷം ഏഴാം ഘട്ടത്തിലെത്തുമ്പോൾ ആപ്പ് പൂർണമായും പ്രവർത്തനരഹിതമാകുകയായിരുന്നു. ആപ്പ് അധികൃതരുമായി ബന്ധപ്പെടാനും കഴിയാതായതോടെയാണ് തട്ടിപ്പിനിരയായവർ പോലീസിനെ സമീപിച്ചത്.

