
മനാമ: ബഹ്റൈനിൽ തൊഴിൽ കരാർ പുതുക്കുന്നതിനായി വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും ഹാജരാക്കിയ കേസിൽ വിദ്യാഭ്യാസ സ്ഥാപനത്തിലെ വനിതാ ജീവനക്കാരിയെ റിമാൻഡ് ചെയ്തു. വിദ്യാഭ്യാസ മന്ത്രാലയം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.
രേഖകളുടെ ആധികാരികത പരിശോധിക്കുന്നതിനായി സർട്ടിഫിക്കറ്റ് നൽകിയതായി പ്രതി അവകാശപ്പെട്ട സർവകലാശാലയുമായി വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗികമായി ബന്ധപ്പെട്ടു. എന്നാൽ, ഹാജരാക്കിയ ബിരുദ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും വ്യാജമാണെന്ന് സർവകലാശാല സ്ഥിരീകരിച്ചു. പ്രതിയുടെ പേരിൽ ആരും സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
സർട്ടിഫിക്കറ്റ് പരിശോധിച്ച ഉദ്യോഗസ്ഥരുടെയും പ്രതി ജോലി ചെയ്തിരുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രതിനിധികളുടെയും മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തി. ജോലിയിൽ തുടരുന്നതിനും തൊഴിൽ കരാർ പുതുക്കുന്നതിനും ബന്ധപ്പെട്ട ബിരുദ സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നുവെന്ന് സ്ഥാപന പ്രതിനിധികൾ അറിയിച്ചു.
ചോദ്യം ചെയ്യലിൽ, 2005 മുതൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചുവരുന്നതായി പ്രതി സമ്മതിച്ചെന്നാണ് റിപ്പോർട്ട്. ബന്ധപ്പെട്ട സർവകലാശാലയിൽ പഠിച്ചതായി തെളിയിക്കുന്ന രേഖകളൊന്നും ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണം പൂർത്തിയാകുന്നതുവരെ പ്രതിയെ റിമാൻഡിൽ പാർപ്പിക്കാനും കേസ് വിചാരണയ്ക്കായി ക്രിമിനൽ കോടതിയിലേക്ക് കൈമാറാനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.


