തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ സമരം നടത്തിയ വിദ്യാർഥികൾക്കും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാർക്കുമെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ജൂലൈ 23 വ്യാഴാഴ്ച കേരളത്തിൽ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ്യു.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ അറിയിച്ചു. നീറ്റ് പരീക്ഷയുടെ നടത്തിപ്പിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് തെരുവിലൂടെ വലിച്ചിഴച്ചതായും വിഷയത്തിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാർക്കെതിരെ ബലപ്രയോഗം നടത്തിയതായും കെഎസ്യു ആരോപിച്ചു.
സംസ്ഥാനത്തെ മുഴുവൻ ക്യാമ്പസുകളിലും ക്ലാസുകൾ ബഹിഷ്കരിച്ച് പ്രതിഷേധിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കാനും കെഎസ്യു പ്രവർത്തകരോട് നേതൃത്വം ആഹ്വാനം ചെയ്തു. രാജ്യവ്യാപകമായി പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നും കെഎസ്യു അറിയിച്ചു.

