
മനാമ: ബഹ്റൈൻ സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ മെയ് 30 വരെയുള്ള കണക്കനുസരിച്ച് 343 സിവിൽ അസോസിയേഷനുകൾ രജിസ്റ്റർ ചെയ്തതായി മന്ത്രാലയ അണ്ടർസെക്രട്ടറി സിയാദ് ആദിൽ ദർവിഷ് അറിയിച്ചു. സന്നദ്ധ സംഘടനാ മേഖലയെ നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമനിർമാണം പ്രാരംഭ പഠനഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത സംഘടനകളിൽ 91 ചാരിറ്റബിൾ അസോസിയേഷനുകൾ, 40 പ്രൊഫഷണൽ ബോഡികൾ, 22 ക്ലബ്ബുകൾ, ഭിന്നശേഷിക്കാർക്കായുള്ള 12 സംഘടനകൾ, 10 സഹകരണ സംഘങ്ങൾ, കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ലക്ഷ്യമിട്ടുള്ള മൂന്ന് അസോസിയേഷനുകൾ എന്നിവ ഉൾപ്പെടുന്നു.
പുതിയ നിയമവുമായി ബന്ധപ്പെട്ട പ്രാഥമിക പഠനങ്ങൾ പുരോഗമിക്കുകയാണെങ്കിലും, നിയമം പ്രാബല്യത്തിൽ വരുന്നതുവരെ നിലവിലുള്ള നിയമപരമായ ചട്ടക്കൂട് തുടരുമെന്ന് ദർവിഷ് പറഞ്ഞു. സമീപവർഷങ്ങളിൽ അസോസിയേഷൻ നിയമത്തിൽ നിരവധി ഭേദഗതികൾ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള അസോസിയേഷനുകൾ, ക്ലബ്ബുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്കായി പുതിയ മാർഗ്ഗനിർദ്ദേശ മാനുവലും തയ്യാറാക്കിവരികയാണ്. തുടക്കത്തിൽ നാല് അധ്യായങ്ങളായി ആസൂത്രണം ചെയ്ത മാനുവൽ പിന്നീട് 18 അധ്യായങ്ങളായി വിപുലീകരിച്ചിട്ടുണ്ട്. ആവശ്യമായ സാഹചര്യത്തിൽ ഇനിയും മാറ്റങ്ങൾ വരുത്താനാകുമെന്നും മന്ത്രാലയം അറിയിച്ചു.
കരട് മാർഗ്ഗനിർദ്ദേശം തയ്യാറാക്കുന്നതിന്റെ ഭാഗമായി ബഹ്റൈൻ മെഡിക്കൽ സൊസൈറ്റി, അൽ ശാഖൂറ ഫണ്ട്, മുഹറഖ് ചാരിറ്റബിൾ സൊസൈറ്റി, വിരമിച്ചവരുടെ സംഘടനകൾ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി മന്ത്രാലയം കൂടിയാലോചന നടത്തി.
പുതിയ നിയമവും മാർഗ്ഗനിർദ്ദേശങ്ങളും അന്തിമമാക്കുന്നതിന് മുമ്പ് ഈ മേഖലയിലെ വിവിധ വിഭാഗങ്ങളിൽ നിന്ന് പരമാവധി അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.


