കൽപ്പറ്റ: വയനാട് തുരങ്കപാത നിർമാണ മേഖലയിൽ ഉണ്ടായ കൂറ്റൻ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. മണ്ണിടിച്ചിലിൽ ഒരു പള്ളിയും ഒരു വീടും പൂർണമായി തകർന്നു. നിർമാണ തൊഴിലാളികളുമായി എത്തിയ ബസ് മണ്ണിടിച്ചിലിൽ ഒലിച്ചുപോയതായും സമീപത്തെ ബസ് സ്റ്റോപ്പും പാലത്തിന്റെ ഭാഗങ്ങളും മണ്ണിനടിയിലായതായും റിപ്പോർട്ടുണ്ട്.
പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരിക്കുകയാണ്. യന്ത്രങ്ങൾ സ്ഥലത്തെത്തിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ടോയെന്ന സംശയത്തിലാണ് അധികൃതരും നാട്ടുകാരും.

അപകടത്തിൽ പരിക്കേറ്റ ആറുപേരെ മേപ്പാടിയിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഹിര സുരേഷ്, ദിലീപ്, സൂരജ്, സഞ്ജയ് താപുർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് ചികിത്സയിൽ ഉള്ളത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
തുരങ്കപാത നിർമാണത്തിനായി അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് ഒലിച്ചിറങ്ങിയതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്ന് ടി. സിദ്ദിഖ് ആരോപിച്ചു. നിർമാണ കമ്പനിക്ക് വീഴ്ചയുണ്ടെന്നും അപകട മുന്നറിയിപ്പ് അവഗണിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ, സംഭവിച്ചത് പ്രകൃതി ദുരന്തമാണെന്നും നിർമാണ പ്രവർത്തനങ്ങളല്ല അപകടത്തിന് കാരണമെന്നുമാണ് കമ്പനി അധികൃതരുടെ നിലപാട്.
കുന്നിൻ മുകളിൽ നിന്നുള്ള ചെളിവെള്ളം ഗതിതിരിച്ച് വിടുന്നതിനായി മൂന്ന് ഹിറ്റാച്ചി യന്ത്രങ്ങളും പത്തോളം തൊഴിലാളികളും സ്ഥലത്ത് ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. അപകടസമയത്ത് കൂടുതൽ തൊഴിലാളികൾ പ്രദേശത്ത് ഉണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ തുടരുകയാണ്.
മീനാക്ഷി പാലത്തിന് സമീപത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. പ്രദേശത്തെ നിരവധി ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാലമായതിനാൽ ഗതാഗതവും ആശങ്കാജനകമായിരിക്കുകയാണ്. പാലം അപകടാവസ്ഥയിലാണെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ള കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചതായും നാട്ടുകാർ പറഞ്ഞു.
മീനങ്ങാടിയിൽ നിന്നുള്ള എൻഡിആർഎഫ് സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കോഴിക്കോടുള്ള സംഘത്തോടും വയനാട്ടിലേക്ക് എത്താൻ നിർദേശം നൽകിയിട്ടുണ്ട്. വയനാട് ജില്ലാ കലക്ടറുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകി.
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി മന്ത്രിമാർ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. പ്രദേശത്ത് മഴ തുടരുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

