
മെൽബൺ: ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശിയുടെ ഐപിഎല്ലിലെ റെക്കോഡ് പ്രകടനത്തെ പ്രശംസിക്കുമ്പോഴും, ആധുനിക ടി20 ക്രിക്കറ്റിന്റെ നിലവിലെ പ്രവണതകളെ വിമർശിച്ച് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റനും മുൻ ഇന്ത്യൻ പരിശീലകനുമായ ഗ്രെഗ് ചാപ്പൽ. ടി20 ക്രിക്കറ്റ് ബാറ്റർമാർക്ക് അമിതമായി അനുകൂലമായ ഫോർമാറ്റായി മാറിയെന്നും അസാധാരണ പ്രകടനങ്ങൾ പോലും ഇപ്പോൾ സാധാരണ സംഭവങ്ങളായി മാറുകയാണെന്നും ചാപ്പൽ നിരീക്ഷിച്ചു.
2026 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി 237.3 സ്ട്രൈക്ക് റേറ്റിൽ 776 റൺസ് നേടിയ വൈഭവിന്റെ പ്രകടനത്തെ ചാപ്പൽ “വിസ്ഫോടനാത്മകം” എന്നാണ് വിശേഷിപ്പിച്ചത്. വെറും 15 വയസ്സിൽ ലോകോത്തര ബൗളർമാർക്കെതിരെ വൈഭവ് കാഴ്ചവെച്ച ആക്രമണാത്മക ബാറ്റിംഗ് ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരു സീസണിൽ 72 സിക്സറുകൾ നേടി ക്രിസ് ഗെയിലിന്റെ റെക്കോഡ് മറികടന്ന വൈഭവ്, ടി20 ക്രിക്കറ്റിൽ പുതിയ തലമുറയുടെ ആക്രമണശൈലിക്ക് പ്രതീകമായിരിക്കുകയാണ്. എന്നാൽ ഇത്തരം പ്രകടനങ്ങൾ വളരെ എളുപ്പത്തിൽ സംഭവിക്കുന്നത് കളിയിലെ അസന്തുലിതാവസ്ഥയെ സൂചിപ്പിക്കുന്നുവെന്നാണ് ചാപ്പലിന്റെ അഭിപ്രായം.
ശാരീരിക വളർച്ച പോലും പൂർത്തിയാകാത്ത ഒരു യുവതാരത്തിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ബൗളർമാരെ അനായാസം നേരിടാൻ കഴിയുന്ന സാഹചര്യം, ക്രിക്കറ്റിലെ നിലവിലെ ബാറ്റിംഗ് അനുകൂല സാഹചര്യങ്ങളെയാണ് തുറന്നുകാട്ടുന്നതെന്ന് ചാപ്പൽ വിമർശിച്ചു.
ഐപിഎല്ലിലെ ‘ഇംപാക്റ്റ് പ്ലെയർ’ നിയമത്തെയും ചാപ്പൽ കടുത്ത ഭാഷയിൽ വിമർശിച്ചു. അധികമായി ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററെ ഉൾപ്പെടുത്താൻ ടീമുകൾക്ക് അവസരം നൽകുന്നത് ബൗളർമാരോടുള്ള അനീതിയാണെന്നും ഇതോടെ ടി20 ക്രിക്കറ്റ് ബാറ്റിംഗ് പ്രദർശനമായി ചുരുങ്ങാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ടി20 ക്രിക്കറ്റിലെ ബാറ്റ്–ബോൾ ബാലൻസ് വീണ്ടെടുക്കാൻ നിയമങ്ങളിലും കളിയുടെ ഘടനയിലും മാറ്റങ്ങൾ അനിവാര്യമാണെന്നാണ് ഗ്രെഗ് ചാപ്പലിന്റെ നിലപാട്.


