തിരുവനന്തപുരം: അട്ടക്കുളങ്ങരയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അട്ടക്കുളങ്ങര ഗവ.സ്കൂളിന്റെ ഓഫിസ് കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. എസ്എസ്കെഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്. വൈകീട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. അധ്യാപകരും കുട്ടികളും മടങ്ങിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് തേടി.

ഓടിട്ട സ്കൂളിന്റെ മേല്ക്കൂരയെ താങ്ങിനിര്‍ത്തിയ തടി ദ്രവിച്ചതോടെ കെട്ടിടം നിലംപൊത്തുകയായിരുന്നു. ഓടും താഴെയുള്ള സീലിങ്ങും ഉള്‍പ്പെടെ പൊളിഞ്ഞ് താഴേക്കുവീണു. അധ്യാപകരും കുട്ടികളും ജോലികഴിഞ്ഞ് മടങ്ങിയതിനാല്‍ ആരും അപകടത്തില്‍പ്പെട്ടില്ല. എസ്.എസ്.കെ.യുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണിത്. ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസറുടേയും തൊട്ടടുത്തുള്ളതുമായ മുറികളാണ് തകര്‍ന്നുവീണത്. കെട്ടിടത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുമുണ്ടായിരുന്നില്ല.
‘തകര്‍ന്നത് സ്കൂള്‍ കെട്ടിടമല്ല. എസ്എസ്കെ ജില്ലാഘടകത്തിന്റെ ഓഫിസാണ് പ്രവര്‍ത്തിക്കുന്നത്. ഓഫിസ് കെട്ടിടം നേരത്തെ പുതുക്കി പണിതിരുന്നു. എന്നാല്‍ ഹെറിറ്റേജ് കെട്ടിടമായതിനാല്‍ മേല്‍ക്കൂര പുതുക്കി പണിയാന്‍ അനുമതി കിട്ടിയിരുന്നില്ല. എന്നിരുന്നാലും സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് ഡിഡിഇയോട് ആവശ്യപ്പെട്ടിട്ടുണ്ട്’- വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

