
മനാമ: ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF) ബഹ്റൈൻ നാഷണൽ കൗൺസിലിൻ്റെ 2026-27 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും പ്രൗഡഗംഭീരമായി നടത്തി. മനാമയിലെ അൽമൻസിൽ ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ ഔദ്യോഗിക പ്രതിനിധികളും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പ്രവാസി മലയാളി കുടുംബങ്ങളും പങ്കെടുത്തു.

പ്രശസ്ത കൊറിയോഗ്രാഫർ ശ്രീനേഷിന്റെ ശിക്ഷണത്തിൽ കുരുന്നുകൾ അവതരിപ്പിച്ച മനോഹരമായ സ്വാഗത നൃത്തത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് ആഗോളതലത്തിൽ WMF നടത്തുന്ന ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളെ ദൃശ്യവൽക്കരിച്ചുകൊണ്ടുള്ള വീഡിയോ പ്രദർശിപ്പിച്ചു. WMF ബഹ്റൈൻ നാഷണൽ കൗൺസിൽ പ്രസിഡണ്ട് മിനി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജോബി ജോസ് സ്വാഗതം ആശംസിച്ചു.
ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ഇൻവെസ്റ്റ്മെന്റ് ഡെവലപ്മെന്റ് മേധാവി ഈസാം ഈസ അൽഖയ്യാത് ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ പാർലമെന്റ് അംഗം ഡോ. മാസൂമ എച്ച്.എ റഹീം വിശിഷ്ടാതിഥിയായി. ബഹ്റൈനിൽ നിന്നും WMF മിഡിൽ ഈസ്റ്റ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരും ചടങ്ങിലെ മുഖ്യാതിഥികളുമായ അലിൻ ജോഷി (WMF മിഡിൽ ഈസ്റ്റ് സെക്രട്ടറി), മുഹമ്മദ് സാലി (മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ്), പ്രതീഷ് തോമസ് (മിഡിൽ ഈസ്റ്റ് project and special initiative ) എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു.

WMF ബഹ്റൈന്റെ സ്ഥാപക ഭാരവാഹിയും ലോക കേരള സഭാംഗവുമായ കോശി സാമുവലിന് അദ്ദേഹത്തിന്റെ വിലയേറിയ സംഭാവനകളെ മുൻനിർത്തി മോമെന്റോ നൽകി ആദരിച്ചു. നാഷണൽ കൗൺസിൽ കോർഡിനേറ്റർ ശ്രീജിത്ത് ഫെറോക്ക് ആമുഖ ഭാഷണം നടത്തി. വേദിയിലെ വിശിഷ്ടാതിഥികൾ ഒത്തുചേർന്ന് ഭദ്രദീപം കൊളുത്തി.
തുടർന്ന് പുതിയ ഭാരവാഹികൾക്കുള്ള ഔദ്യോഗിക ബാഡ്ജ് വിതരണവും സത്യപ്രതിജ്ഞാ ചടങ്ങും നടന്നു. പുതിയ ഭാരവാഹികളായ മിനി മാത്യു (പ്രസിഡണ്ട്), ശ്രീജിത്ത് ഫെറോക്ക് (കോർഡിനേറ്റർ), ജോബി ജോസ് (സെക്രട്ടറി), ഏബ്രഹാം തോമസ് (ട്രഷറർ), ഡോ. ഷബാന ഫൈസൽ (വൈസ് പ്രസിഡണ്ട്), സുനിൽ കുമാർ (ജോയിൻ്റ് സെക്രട്ടറി), വിവിധ ഫോറം കോർഡിനേറ്റർമാരായ അനിൽ കുമാർ (ചാരിറ്റി), നവാസ് ചെരണ്ടത്തൂർ (പി.ആർ & മീഡിയ), ബിജു എം ഡാനിയൽ (പ്രവാസി വെൽഫെയർ), നാസിയ ജി.എച്ച് (വുമൺസ് ഫോറം), ജേക്കബ് തെക്കുതോട് (ബിസിനസ്സ്), റഊഫ് വി.എം (മലയാളം ഫോറം), നെൽസൺ വർഗീസ് (മെമ്പർഷിപ്പ്), ഷൈനി ബിനു (ഹെൽത്ത്), സനു കുട്ടൻ (എഡ്യൂക്കേഷൻ & കരിയർ), രതിൻ തിലക് (ആർട്ട് & കൾച്ചർ), ബെർലിത്ത് മാത്യു (യൂത്ത് ഫോറം), പ്രകാശൻ ബാലൻ (ഇവന്റ് ഫോറം), ഫസലു റഹ്മാൻ (എക്സിക്യൂട്ടീവ് മെമ്പർ) എന്നിവരാണ് ഔദ്യോഗിക ബാഡ്ജ് ഏറ്റുവാങ്ങി സത്യപ്രതിജ്ഞ ചെയ്തത്.
കഴിഞ്ഞ പ്രവർത്തന വർഷത്തിൽ (2025-26) മികച്ച രീതിയിൽ പ്രവർത്തിച്ച എക്സിക്യൂട്ടീവ് അംഗങ്ങൾക്കുള്ള നന്ദിസൂചകമായി ചടങ്ങിൽ മോമെന്റോകളും സമ്മാനിച്ചു. ഡോ. ബാബു രാമചന്ദ്രൻ (പ്രമുഖ സാമൂഹിക പ്രവർത്തകൻ), ഗോപിനാഥ് മേനോൻ (ന്യൂ ഇൻഡ്യൻ സ്കൂൾ പ്രിൻസിപ്പൽ), സുധീർ തിരുനിലത്ത് (പ്രവാസി ലീഗൽ സെൽ പ്രതിനിധി), ഡോ. മുഹമ്മദ് ഫൈസൽ (ഇന്ത്യൻ സ്കൂൾ ബഹ്റൈൻ വൈസ് പ്രസിഡന്റ്), ഏബ്രഹാം തോമസ് (കൗൺസിൽ ട്രഷറർ), അലിൻ ജോഷി, മുഹമ്മദ് സാലി, പ്രതീഷ് തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു. വൈസ് പ്രസിഡന്റ് ഡോ. ഷബാന ഫൈസൽ നന്ദി പറഞ്ഞു. വിഭവസമൃദ്ധമായ അത്താഴവിരുന്നോടെ അവസാനിച്ച പരിപാടി മാതൃനാടിന്റെ സ്പന്ദനങ്ങൾ ഹൃദയത്തിലേറ്റുന്ന ബഹ്റൈനിലെ മലയാളി സമൂഹത്തിന് അവിസ്മരണീയമായ ഒന്നായി.


