
തിരുവനന്തപുരം: ‘പോടാ പുല്ലേ പോലീസേ’ എന്ന് മുദ്രാവാക്യം വിളിച്ച മുന്‍ ഡി.ജി.പി. ആര്. ശ്രീലേഖയെ കേസില്‍ പ്രതിയാക്കി പോലീസ്.
കഴിഞ്ഞ ദിവസം ബി.ജെ.പി. പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിനു ശേഷം മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനിലേക്കു നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് ആര്. ശ്രീലേഖയെ പ്രതിചേര്‍ത്തത്.
ആദ്യം ബി.ജെ.പിയുടെ 5 കൗണ്‍സിലര്‍മാര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയുമായിരുന്നു കേസ്. ശ്രീലേഖയുടെ മുദ്രാവാക്യം വിളി വിവാദമായതിനു പിന്നാലെയാണ് ഡപ്യൂട്ടി മേയര്‍ ആശാനാഥിനെയും ആര്. ശ്രീലേഖയെയും കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചത്. മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയും പോലീസിനെ അധിക്ഷേപിക്കുന്ന തരത്തില്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്ത ശ്രീലേഖയെ പ്രതി ചേര്‍ക്കാത്തതിനെതിരെ വി.കെ. പ്രശാന്ത് എം.എല്‍.എ. ഉള്‍പ്പെടെയുള്ള സി.പി.എം. നേതാക്കള്‍ ആരോപണമുന്നയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് വട്ടിയൂര്‍ക്കാവ് പോലീസ് നെടുമങ്ങാട് കോടതിയില്‍ അഡീഷനല്‍ റിപ്പോര്‍ട്ട് നല്‍കിയത്. ശ്രീലേഖയെ അഞ്ചാം പ്രതിയായും ആശാനാഥിനെ ആറാം പ്രതിയായുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീലേഖയുടെ മുദ്രാവാക്യം വിളിക്കെതിരെ പോലീസ് ഉദ്യോഗസ്ഥരും സംഘടനയും പ്രതിഷേധിച്ചിരുന്നു.


