
കൊച്ചി: യുവനടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വേണ്ടി കോടതിയിൽ ഹാജരായത്, പരാതിക്ക് ഇടയാക്കിയ സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐ സി സി) അംഗമായ അഭിഭാഷകൻ. രഞ്ജിത്തിന്റെ പുതിയ സിനിമയിലെ ഐ സി സി അംഗമായിരുന്ന അഡ്വ. മുഹമ്മദ് സിയാദാണ് വക്കാലത്തുമായി കോടതിയിലെത്തിയത്. യുവനടിക്ക് നേരെ അതിക്രമം നടന്നുവെന്ന് പരാതിയിൽ പറയുന്ന സിനിമയിലെ ഐ സി സി അംഗം തന്നെ പ്രതിക്ക് വേണ്ടി ഹാജരായത് ഏവരെയും ഞെട്ടിച്ചിട്ടുണ്ട്. ഇന്നലെ രഞ്ജിത്തിന്റെ അറസ്റ്റ് വിവരം അറിഞ്ഞതിന് പിന്നാലെ ഐ സി സി അംഗത്വം രാജിവെച്ച ശേഷമാണ് താൻ വക്കാലത്ത് ഏറ്റെടുത്തതെന്നാണ് മുഹമ്മദ് സിയാദിന്റെ വിശദീകരണം. സിനിമയുടെ ചിത്രീകരണ വേളയിൽ ഐ സി സി അംഗമായിരിക്കെ സെറ്റിൽ നിന്ന് ഇത്തരമൊരു പരാതി പോലും തന്റെ മുന്നിൽ എത്തിയിരുന്നില്ലെന്നും അഭിഭാഷകൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവിൽ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും ഇയാൾ വ്യക്തമാക്കി. സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ അംഗമായിരുന്ന വ്യക്തി തന്നെ പ്രതിഭാഗത്തിന് വേണ്ടി ഹാജരാകുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ശനിയാഴ്ച രഞ്ജിത്തിനെ നേരിട്ട് കോടതിയിൽ ഹാജരാക്കുമ്പോൾ സിയാദ് തന്നെയാകും പ്രതിഭാഗത്തിന് വേണ്ടി വാദിക്കുക.
അതേസമയം യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ റിമാൻഡിലായ രഞ്ജിത്ത് എറണാകുളം സബ് ജയിലില്‍ തുടരും. ശനിയാഴ്ച രഞ്ജിത്തിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കും. പൊലീസിന്റെ കസ്റ്റഡി അപേക്ഷ ശനിയാഴ്ച പരിഗണിക്കും. തുടര്‍ന്ന് ജാമ്യാപേക്ഷയും പരിഗണിക്കും. എല്ലാം തെളിയും എന്നായിരുന്നു സബ് ജയിലിൽ പ്രവേശിപ്പിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒളിയിടത്തിലേക്കുള്ള യാത്രയ്ക്കിടെ തൊടുപുഴ മുട്ടത്ത് നിന്ന് ഇന്നലെ രാത്രി പിടികൂടിയ രഞ്ജിത്ത് രാത്രി മുഴുവൻ കഴിഞ്ഞത് എറണാകുളം ജനറൽ ആശുപത്രിയിലാണ്. രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രഞ്ജിത്ത് ഗുളിക കഴിക്കുന്ന കാര്യത്തിലടക്കം ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ അവഗണിച്ചു. രാവിലെ ഏഴ് മണിയോടെ പൊലീസ് രഞ്ജിത്തിനെ കൊച്ചി മരടിൽ മജിസ്ട്രേറ്റിൻ്റെ വീട്ടിലെത്തിച്ചതിന് പിന്നാലെയാണ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. തുടർന്ന് സബ് ജയിലിലേക്ക് മാറ്റുകയായിരുന്നു.


