
മലപ്പുറം /പാലക്കാട്: അമ്പലപ്പുഴയിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള മുതിർന്ന സിപിഎം നേതാവ് ജി സുധാകരന്റെ നിലപാട് ദൗർഭാഗ്യകരമെന്ന് ജനറൽ സെക്രട്ടറി എം എ ബേബി. തീരുമാനം ദുഖകരമാണെന്നും പാർട്ടിയിൽ ആലോചിച്ച ശേഷം കൂടുതൽ പ്രതികരണം നടത്തുമെന്നും എംഎ ബേബി വ്യക്തമാക്കി. സുധാകരനെ അധിക്ഷേപിച്ചത് വ്യാജ അക്കൗണ്ടുക്കളിൽ നിന്നായിരിക്കാമെന്നും കൂടുതൽ പ്രതികരണത്തിന് ഇപ്പോഴില്ലെന്നും ബേബി വ്യക്തമാക്കി.
പാർലിമെന്ററ്റി വ്യാമോഹം ഇനിയുമുണ്ടെന്നാണ് സുധാകരന് തെളിയിക്കുന്നതെന്ന് എ. കെ. ബാലൻ പ്രതികരിച്ചു. സ്വതന്ത്രനായി മത്സരിക്കുമ്പോൾ, കോൺഗ്രസ് പിന്തുണ നൽകാനും സാധ്യതയുണ്ട്. സുധാകരന് എങ്ങനെ ആ കാപാലികരുടെ കൂടെ പോകാൻ കഴിയുമെന്നും സ്വപ്നത്തിൽ പോലും തനിക്ക് അത് ചിന്തിക്കാൻ കഴിയുന്നില്ലെന്നും എ. കെ. ബാലൻ പ്രതികരിച്ചു. അനുജനെ കൊന്നവരുടെ പിന്തുണ എങ്ങനെ സ്വീകരിക്കും.അനുജന്റെ തലച്ചോർ തെങ്ങിൻ പൂങ്കുല ചിതറിയ പോലെ അല്ലെ കെ എസ് യു തച്ചു പൊട്ടിച്ചത്. സുധാകരന് അതെങ്ങനെ മറക്കാൻ കഴിയും? 1980 ൽ കോൺഗ്രസ് രണ്ടായപ്പോൾ കെ എസ് യു എ യുമായി എസ് എഫ് ഐ മുന്നണിയുണ്ടാക്കിയപ്പോൾ എതിർത്ത ആളാണ് സുധാകരൻ. ഇനി സുധാകരൻ എങ്ങനെ രക്തസാക്ഷിയായ അനുജന്റെ പേര് ഓർക്കും ? സുധാകരന്റെ മനസ്സ് അതിന് വിധേയമാകുമോ? ശരീരം ചെലപ്പോ ആയേക്കാം. സിപിഎം സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞടുത്തപ്പോൾ സ്വന്തം പിന്മാറിയ ആളാണ് സുധാകരൻ. ഇപ്പോഴുള്ള മാറ്റം എങ്ങനെ വന്നു? സുധാകരൻ മാത്രമല്ലല്ലോ പലരും മാറി നിന്നില്ലേ? സുധാകരൻ എങ്ങനെ ഇങ്ങനെ അതപധിച്ചു. സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരും. സുധാകരന്റെ മനസ്സ് തെറ്റ് തിരുത്തും. ശരീരം തിരുത്തുമോ എന്നറിയില്ലെന്നും ബാലൻ കൂട്ടിച്ചേർത്തു.
അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് ജി സുധാകരന്റെ പ്രഖ്യാപനം. 60 വര്‍ഷത്തെ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചാണ് സുധാകരൻ മത്സരിക്കാനിറങ്ങുന്നത്. ആരുടെയും പിന്തുണ തേടില്ലെന്നും മത്സരം പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് എതിരല്ലെന്നും സുധാകരൻ പറയുന്നു. ഇനി സ്വതന്ത്ര നിലപാടായിരിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടില്ല. യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നുവെന്നും ആരോടും പറഞ്ഞിട്ടുമില്ല. പാർട്ടി ആശയങ്ങളും ആദർശങ്ങളും ഉപേക്ഷിച്ചില്ലെന്ന് പറഞ്ഞ സുധാകരൻ പാര്‍ട്ടി ജീവിതം നയിക്കുന്ന തന്നെ വ്യക്തിഹത്യ ചെയ്തുവെന്നും സുധാകരൻ ആരോപിച്ചു.
രൂക്ഷവിമർശനവുമായി മന്ത്രി സജി ചെറിയാൻ
ആറ് ദശാബ്ദത്തിലേറെ നീണ്ട പാർട്ടി ബന്ധം അവസാനിപ്പിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുന്ന ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി സജി ചെറിയാൻ രംഗത്ത്. സുധാകരൻ മത്സരിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും എന്നാൽ അദ്ദേഹം മത്സരിക്കുന്നത് കൊണ്ട് ആലപ്പുഴയിലെ പാർട്ടിക്ക് “ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ലെന്നും” സജി ചെറിയാൻ പരിഹസിച്ചു. പാർട്ടിയെ തള്ളിപ്പറയേണ്ട തരത്തിൽ ഒരു ദ്രോഹവും സിപിഎം ജി സുധാകരനോട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


