
മനാമ: കേരള സര്‍ക്കാര്‍ അനുവദിച്ച പുതിയ നോര്‍ക്ക ഹെല്പ് ഡെസ്ക് ഓഫീസിന്റെ ഉദ്ഘാടനം ബഹ്റൈനിലെ കേരള സോഷ്യല്‍ ആന്റ് കള്‍ചറല്‍ അസോസിയേഷന് ആസ്ഥാനത്ത് നടന്നു.
പ്രവാസി ഭാരതീയ പുരസ്കാര ജേതാവും സാമൂഹ്യപ്രവര്‍ത്തകനുമായ കെ.ജി. ബാബുരാജ് ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ ബഹ്റൈനിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്ത്തകന് ഡോ. മനോജ് കുമാര്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
കെ.എസ്.സി.എ. ജനറല്‍ സെക്രട്ടറി ഡോ. ബിന്ദു സ്വാഗതമാശംസിച്ചു. പ്രസിഡന്റ് രാജേഷ് നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ചു. ബഹ്റൈന്‍ പ്രവാസികള്‍ക്ക് വളരെ കുറഞ്ഞ നിരക്കില്‍ നോര്‍ക്ക അംഗത്വമെടുക്കാനും നോര്‍ക്കയുടെ വിവിധ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാകുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കാനും പുതിയ സെന്റര്‍ സഹായകരമാകുമെന്ന്് രാജേഷ് നമ്പ്യാര്‍ പറഞ്ഞു. കെ.എസ്.സി.എ. ചാരിറ്റി വിങ് കണ്‍വീനര്‍ സജി നായര്‍ നന്ദി പറഞ്ഞു. രതി ഹരിദാസ് വേദി നിയന്ത്രിച്ചു.


