
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് ക്രിക്കറ്റ് പൂരം. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള മത്സരം വൈകീട്ട് രാത്രി 7-നാണ് തുടങ്ങുന്നത്. സഞ്ജു സാംസണ് സ്വന്തംനാട്ടില്‍ ആദ്യമായി അന്താരാഷ്ട്ര മത്സരത്തിനിറങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.മത്സരത്തിന്റെ ടിക്കറ്റ് ഒറ്റദിവസംകൊണ്ട് മുഴുവന്‍ വിറ്റുതീര്‍ന്നിരുന്നു.
ലോകകപ്പിനു മുന്‍പുള്ള അവസാന മത്സരമാണ് ഇന്നത്തേത് എന്ന പ്രത്യേകതയുമുണ്ട്. ഇന്നലെ വൈകീട്ട് ഇന്ത്യന്‍ ടീം സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങി. സ്റ്റേഡിയത്തിലെത്തിയ സഞ്ജു ഗംഭീര വെടിക്കെട്ട് പ്രകടനത്തോടെയാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. സൂര്യകുമാറും ഇഷാന് കിഷനും ശ്രേയസ് അയ്യരും നെറ്റ്സില്‍ പരിശീലനം നടത്തി. അക്ഷര്‍ പട്ടേല്‍, ബുംറ, കുല്‍ദീപ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരും പരിശീലനത്തിനെത്തി.
ന്യൂസീലന്‍ഡ് ടീമും ക്യാപ്റ്റന്‍ സാന്റ്നറുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് ടീം പരിശീലനത്തിനെത്തി. ഡെവണ്‍ കോണ്‍വേ, ഗ്ലെന്‍ ഫിലിപ്സ്, ഡാരില്‍ മിച്ചല്‍, രചിന് രവീന്ദ്ര എന്നിവര്‍ ബാറ്റിങ് പരിശീലനത്തിനിറങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമുതല്‍ കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്കു പ്രവേശനമുണ്ട്. കനത്ത പൊലീസ് സംരക്ഷണയിലാണ് മത്സരം നടക്കുക. പാര്‍ക്കിങ്ങിന് നേരത്തേതന്നെ സ്ഥലങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.


