
സൗഹൃദവും മത്സരവീര്യവും കൈകോർത്ത ഇടപ്പാളയം മെമ്പേഴ്സ് ക്രിക്കറ്റ് ലീഗ് (MCL) സീസൺ 3 ആവേശകരമായി സമാപിച്ചു.
അബു ഖുവ യൂത്ത് കൾച്ചറൽ ആൻഡ് സ്പോർട്സ് സെന്ററിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമേകുന്ന മത്സരങ്ങളാണ് അരങ്ങേറിയത്.
ടസ്കേഴ്സ് തവനൂർ, കൊമ്പൻസ് കാലടി, ഈഗിൾസ് ഇടപ്പാളയം, വൈപ്പേഴ്സ് വട്ടംകുളം എന്നീ നാല് ശക്തരായ ടീമുകൾ കിരീടത്തിനായി പോരാട്ടത്തിനിറങ്ങി
ആവേശകരമായ ഫൈനലിൽ തവനൂർ ടസ്കേഴ്സിനെ 50 റൺസിന് പരാജയപ്പെടുത്തി കൊമ്പൻസ് കാലടി കിരീടം ചൂടി.
ആദ്യം ബാറ്റ് ചെയ്ത കൊമ്പൻസ് കാലടി, നിശ്ചിത 6 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 105 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ തവനൂർ ടസ്കേഴ്സിന് 6 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 55 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ഫൈനൽ മത്സരത്തിൽ തിളങ്ങിയ ശരത്,മത്സരത്തിലെ താരം (Player of the Match) മികച്ച ബാറ്റർ (Best Batter) എന്ന പുരസ്കാരങ്ങൾ സ്വന്തമാക്കി.
മികച്ച രീതിയിൽ മത്സരം സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ ഇടപ്പാളയം സ്പോർട്സ് വിംഗ് സന്തോഷം രേഖപ്പെടുത്തി.
കൺവീനർ ഷാഹുൽ കാലടി, ഇടപ്പാളയം പ്രസിഡന്റ് വിനീഷ്, സ്പോർട്സ് വിംഗ് കോർഡിനേറ്റർ ശ്രീ ഹാരിസ്, സ്പോർട്സ് സെക്രട്ടറി മുസ്തഫ എന്നിവരുടെ നേതൃത്വത്തിലാണ് ടൂർണമെന്റ് വിജയകരമായി നടത്തിയത്.
എക്സിക്യൂട്ടീവ് അംഗങ്ങൾ, ടീം ഉടമകൾ, മാനേജർമാർ, കളിക്കാർ എന്നിവരുടെ ഏകോപിതമായ പരിശ്രമമാണ് MCL സീസൺ 3-നെ വർണ്ണാഭവും ആവേശവും നിറഞ്ഞൊരു കായികോത്സവമാക്കി മാറ്റിയത്.


