
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സിറ്റി ബസുമായി ബന്ധപ്പെട്ട വിവാദത്തില്‍ മേയറും മന്ത്രിമാരും തമ്മിലുള്ള തര്‍ക്കം തുടരുന്നു. സിറ്റി ബസുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷനുമായി ഉണ്ടാക്കിയ കരാര്‍ കെഎസ്ആര്‍ടിസി പാലിക്കണമെന്ന് തിരുവനന്തപുരം മേയര്‍ വി വി രാജേഷ് ആവശ്യപ്പെട്ടു. ബസ് തിരികെ നല്കാന് തയ്യാറാണെന്ന ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ പ്രതികരണത്തിന് പിന്നാലെയാണ് മേയറുടെ പ്രതികരണം.
കോര്പ്പറേഷന് വാങ്ങി നല്കിയ 113 ഇലക്ട്രിക് ബസുകള്‍ തിരികെ നല്‍കാമെന്ന് മന്ത്രി ഗണേഷ് കുമാര്‍ പ്രതികരിച്ചിരുന്നു. ഇതിന് മറുപടി നല്കിയ മേയര്‍ ഇലക്ട്രിക് ബസിന്റെ നല്ലകാലം കഴിഞ്ഞെതാണ് ഇത്തരം ഒരു പ്രതികരണത്തിന് കാരണം എന്നാണ് ചൂണ്ടിക്കാട്ടുന്നത്. ‘കത്ത് കൊടുത്താല്‍ ബസ് തിരികെ തരാമെന്നാണ് മന്ത്രി പറയുന്നത്. ഞങ്ങള്‍ക്ക് അങ്ങനെ ഒരു പ്ലാന്‍ ഇല്ല. ഇലക്ട്രിക് ബസിന്റെ ബാറ്ററിയുടെ ലൈഫ് ഒക്കെ തീരാനായി. ബസ്സിന്റെ നല്ല കാലമൊക്കെ കഴിഞ്ഞു’ വി വി രാജേഷ് പറഞ്ഞു.
2023 ഫെബ്രുവരി 27ന് സ്മാര്‍ട്ട്സിറ്റിയും കെഎസ്ആര്‍ടിസിയും കോര്‍പ്പറേഷനും ഒരു കരാറുണ്ടക്കിയിട്ടുണ്ട്. കരാര്‍ പ്രകാരം പീക് ടൈമില്‍ 113 ബസുകളും നഗരപരിധിയില്‍ ഓടണം. അതിന് ശേഷം മറ്റുള്ള സ്ഥലങ്ങളിലോടാം. അത് ലംഘിച്ചിരിക്കുന്നു. കോര്‍പ്പറേഷനുമായി കൂടിയാലോചിച്ച് വേണം റൂട്ട് നിശ്ചയിക്കാന്‍. അതുണ്ടായിട്ടില്ല. വരുമാനം വീതിക്കണമെന്നും ഈ കരാറില്‍ പറഞ്ഞിട്ടുണ്ട്. ഇത് ലംഘിച്ചുകൊണ്ടാണ് ഇലക്ട്രിക് ബസ് സര്‍വീസ് നടത്തിവരുന്നത്. ഇക്കാര്യം മുന്‍ മേയര്‍ ആര്യ രാജേന്ദ്രനും പറഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്നത്തെ മേയര്‍ പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റും വിവി രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ വായിച്ചു. 113 കോടി രൂപ നിക്ഷേപിക്കുമ്പോള്‍ അതില്‍നിന്ന് ഒരു ലാഭവിഹിതം കിട്ടണമെന്നത് ന്യായമായ കാര്യമാണ്, അത് കരാറിലും ഉള്ളതാണെന്നും രാജേഷ് പറഞ്ഞു.
അതേസമയം, തിരുവനന്തപുരം മേയറെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. തിരുവനന്തപുരം കോര്പ്പറേഷന് അതിര്‍ത്തിയില്‍ വേലികെട്ടി തിരിക്കാന്‍ മേയര്‍ ശ്രമിക്കരുതെന്നാണ് മന്ത്രിയുടെ പ്രതികരണം. സങ്കുചിത രാഷ്ട്രീയ ലാഭത്തിന് വേണ്ടി വികസന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള ഇലക്ട്രിക് ബസുകള്‍ തിരുവനന്തപുരം കോര്പ്പറേഷന് അതിര്‍ത്തിക്കുള്ളില്‍ മാത്രമേ സര്‍വീസ് നടത്താവൂ എന്ന മേയര്‍ വി.വി. രാജേഷിന്റെ ആവശ്യം അങ്ങേയറ്റം ബാലിശവും അപക്വവുമാണ്. നാടിന്റെ വികസനത്തെ ഇത്രയേറെ സങ്കുചിതമായി കാണുന്ന ഒരു ഭരണാധികാരി തലസ്ഥാന നഗരത്തിന് അപമാനമാണെന്നും ശിവന്‍കുട്ടി പറയുന്നു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ലക്ഷ്യങ്ങള്‍ നിരത്തിയും വി ശിവന്‍കുട്ടി സാഹചര്യം വിവരിക്കാന്‍ ശ്രമിച്ചു.
സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി കേന്ദ്രവും സംസ്ഥാനവും 500 കോടി രൂപ വീതമാണ് വകയിരുത്തിയിരിക്കുന്നത്. ഇതില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്റെ വിഹിതം 135.7 കോടി രൂപയാണ്. അതായത് പദ്ധതിയുടെ 60 ശതമാനത്തോളം തുക സംസ്ഥാന ഖജനാവില്‍ നിന്നാണ് ചിലവഴിക്കുന്നത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായ 113 ബസുകള്‍ കൂടാതെ 50 ബസുകള്‍ കെ.എസ്.ആര്.ടി.സിയുടെ സ്വന്തം ഉടമസ്ഥതയിലുള്ളതാണ്. ഈ ബസുകളുടെയെല്ലാം മെയിന്റനന്‍സ്, ഡ്രൈവര്‍, കണ്ടക്ടര്‍, ടിക്കറ്റ് മെഷീന് തുടങ്ങി സര്‍വ സംവിധാനങ്ങളും ഒരുക്കുന്നത് കെ.എസ്.ആര്.ടി.സിയാണ്. സ്മാര്‍ട്ട് സിറ്റി – കോര്പ്പറേഷന് – കെ.എസ്.ആര്.ടി.സി എന്നിവ ചേര്‍ന്നുള്ള ത്രികക്ഷി കരാറാണ് നിലവിലുള്ളത്. മേയര്‍ക്ക് ഉപദേശക സമിതിയുടെ അധ്യക്ഷനാകാം എന്നതല്ലാതെ, ബസുകള്‍ എവിടെ ഓടണം എന്ന് ഒറ്റയ്ക്ക് തീരുമാനിക്കാന്‍ അധികാരമില്ല.
തിരുവനന്തപുരം എന്നത് ഒരു കോര്പ്പറേഷന് അതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങി നില്ക്കുന്ന സ്ഥലമല്ല. ഇതൊരു സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്. ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും ദിവസേന ലക്ഷക്കണക്കിന് ആളുകള്‍ വന്നുപോകുന്ന ഇടമാണിത്. അവര്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് വേണ്ടത്, അല്ലാതെ അതിര്‍ത്തിയില്‍ വരമ്പുവെച്ച് തടയുകയല്ല. മുന്‍ മേയര്മാരായവി.കെ. പ്രശാന്തും, ആര്യാ രാജേന്ദ്രനും തിരുവനന്തപുരത്തിന്റെ വികസനത്തെ എത്രത്തോളം ക്രിയാത്മകമായി കണ്ടിരുന്നു എന്ന് ജനം ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. അവരുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ മേയറുടെ ഭരണവും കാഴ്ചപ്പാടും എത്രത്തോളം പുറകിലാണെന്ന് വരും ദിവസങ്ങളില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ബോധ്യപ്പെടുമെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.


