
മനാമ: വർത്തമാനകാലത്തെ സ്ത്രീകൾ അറിവ് ആയുധമാക്കി മുന്നോട്ടു പോകണമെന്ന് മാധ്യമ പ്രവർത്തക ആർ പാർവതി ദേവി. ബഹ്റൈൻ പ്രതിഭ വനിതാവേദിയുടെ പത്തൊമ്പതാം കേന്ദ്ര സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

സ്ത്രീക്കും പുരുഷനും തുല്യസ്ഥാനം നൽകുന്ന ഭരണഘടനയുള്ള ഇന്ത്യരാജ്യത്തു സ്ത്രീകൾ ഇക്കാലത്തും വലിയ വിവേചനം നേരിടുന്നുണ്ട്. പുരോഗമന പ്രസ്ഥാനങ്ങളും ,വനിതാസംഘടനകളും എല്ലാം ചേർന്ന് നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമായി നിരവധിയായ അവകാശങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട് എങ്കിലും വർത്തമാനകാല സംഭവങ്ങൾ പലതും കാണിക്കുന്നത് ഇനിയും നമ്മുടെ സമൂഹം ഇക്കാര്യത്തിൽ ഏറെ മുന്നോട്ടു പോകാൻ ഉണ്ടെന്നാണ്. സ്ത്രീശക്തികരണത്തെ പറ്റിയും സ്ത്രീ വിമോചന പോരാട്ട ചരിത്രത്തെ പറ്റിയും സ്ത്രീ സമത്വത്തെ പറ്റിയും ഉള്ള ഇടതുപക്ഷ കാഴ്ചപ്പാട് സാമൂഹിക വ്യവസ്ഥയുണ്ടാക്കിയ മാറ്റത്തെപ്പറ്റിയും കേരളത്തിലെ സ്ത്രീകൾ നിലവിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഇടതുപക്ഷ സർക്കാറിന്റെ കൃത്യമായ ഇടപെടലും വലതുപക്ഷ ആശയങ്ങൾ തൊഴിലാളികൾക്കെതിരായും സ്ത്രീകൾക്കെതിരായും നിലകൊള്ളുന്ന സാഹചര്യങ്ങളെ പറ്റിയും ഉദ്ഘാടന പ്രഭാഷണത്തിൽ പാർവതി ദേവി എടുത്തു പറഞ്ഞു.
ഡോക്ടർ മാലതി ദാമോദരൻ നഗറിൽ (പ്രതിഭ ഹാൾ) വച്ച് നടന്ന സമ്മേളനം പുതിയ പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളായി ദീപ്തി രാജേഷ് (പ്രസിഡന്റ്) സരിത മേലത്ത് (സെക്രട്ടറി) ദിവ്യ രഞ്ജിത്ത് (വൈസ് പ്രസിഡന്റ്), ശർമിള ശൈലേഷ് (ജോയിന്റ് സെക്രട്ടറി) , ഹർഷ ബബീഷ് ( ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

പ്രതിഭ സ്വരലയ ടീമിലെ വനിതകൾ ആലപിച്ച സ്വാഗതഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിന് സംഘാടകസമിതി കൺവീനർ ഷീല ശശി സ്വാഗതം പറഞ്ഞു.
വനിതാ വേദി പ്രസിഡണ്ട് ഷമിത സുരേന്ദ്രൻ താൽക്കാലിക അധ്യക്ഷത വഹിച്ചു. ഷമിത സുരേന്ദ്രൻ,ഷീബ രാജീവൻ, രഞ്ജു ഹരീഷ്, ദീപ്തി രാജേഷ് എന്നിവർ അടങ്ങിയ പ്രസിഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്.
ദിവ്യ രഞ്ജിത്ത് രക്തസാക്ഷി പ്രമേയവും സജിത സതീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
വനിതാ വേദി സെക്രട്ടറി സഖാവ് പ്രദീപ് രണ്ടു വർഷക്കാലത്തെ പ്രവർത്തനം റിപ്പോർട്ടും , ഷിംന സുരേഷ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
പ്രതിഭ രക്ഷാധികാരി സമിതി അംഗം സി വി നാരായണൻ, പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മോറാഴ, പ്രതിഭ വൈസ് പ്രസിഡണ്ട് നിഷ സതീഷ് എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
തെരെഞ്ഞെടുക്കപ്പെട്ട മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ റീഗ പ്രദീപ്, ഷമിത സുരേന്ദ്രൻ, ഷീല ശശി, സുജിത രാജൻ, സജിത സതീഷ്, ഹൃദ്യ രഞ്ജിത്ത്, ജയലക്ഷ്മി പ്രസാദ്, ദീപ്തി സുരേഷ്, ഡോ. സ്നേഹ ഹരീഷ്, മഞ്ജു സർജിത്ത്, സീന സുരേഷ്,അഫ്സില അൻവർ, സവിത വിനീത്, സൂര്യ മഞ്ജുനാഥ്, ഷിബിന അബിൻ, വിജിന ജയൻ.


