
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനം ഭീകരാക്രമണമെന്ന് ദില്ലി പൊലീസ് വൃത്തങ്ങൾ. ഇന്ന് ഹരിയാനയിൽ അറസ്റ്റിലായ രണ്ട് ഡോക്ടർമാർക്ക് ഈ സ്ഫോടനത്തിൽ പങ്കുള്ളതായാണ് സംശയം. ദില്ലി പൊലീസ് അനൗദ്യോഗികമായി നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടന്നത് ഭീകരാക്രമണം ആണെന്ന സംശയം ശക്തമാകുന്നത്.

ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഹരിയാനയിലെ ഫരീദാബാദിലുള്ള ഒരു മെഡിക്കൽ കോളേജുമായി ബന്ധമുള്ള ഡോക്ടർമാരിൽ നിന്ന്, സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, ഒരു അസോൾട്ട് റൈഫിൾ, വൻ ആയുധ ശേഖരം എന്നിവ പിടിച്ചെടുത്തത്. 13 പേർ ദില്ലി ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായാണ് ഒടുവിൽ വരുന്ന വിവരം.

മെഡിക്കൽ കോളേജിലെ ഡോക്ടറായ ഡോ. മുസാമിൽ ഷക്കീലിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച അൽ ഫലാഹ് ആശുപത്രിക്ക് സമീപം ഇയാൾ വാടകയ്ക്ക് എടുത്ത വീട്ടിൽ നിന്ന് രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു വനിതാ ഡോക്ടറുടെ കാറിൽ നിന്ന് ഒരു കരോം കോക്ക് അസോൾട്ട് റൈഫിളും കണ്ടെത്തി. ഇവരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റൊരു ഡോക്ടറായ ഡോ. ആദിൽ അഹമ്മദ് റാത്തറിനെ നേരത്തെ ആയുധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.

ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് ഇന്ന് സ്ഫോടനം ഉണ്ടായത്. നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായാണ് സ്ഫോടനം ഉണ്ടായത്. രണ്ടു കാറുകള്‍ പൊട്ടിത്തെറിച്ചെന്നാണ് സൂചന. വൈകിട്ട് 6.55ഓടെയാണ് സ്ഫോടനം ഉണ്ടായത്. അതീവ സുരക്ഷാ മേഖലയിലാണ് സ്ഫോടനം ഉണ്ടായത്.


