
കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയില്‍ അകലാപ്പുഴയ്ക്ക് കുറുകെ നിര്‍മാണത്തിലിരുന്ന തോരായിക്കടവ് പാലം തകര്‍ന്ന സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
സംഭവത്തെ മുന്‍വിധിയോടെ സമീപിക്കുന്നില്ല. പാലം നിര്‍മാണം വൈകാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മേല്‍നോട്ടം നടത്തിയില്ലെന്ന് നാട്ടുകാര്‍ ആരോപക്കുന്നു. നിര്‍മാണ പ്രവൃത്തിക്ക് വേഗതയുണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
ഇന്നലെ നടന്ന അപകടത്തില്‍ ഒരു തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണിത്. പ്രൊജക്ട് ഡയറക്ടറോടാണ് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
23.82 കോടി രൂപ ചെലവിട്ട് കിഫ്ബി സഹായത്തോടെ നിര്‍മിക്കുന്ന പാലമാണിത്. മഞ്ചേരി ആസ്ഥാനമായ പി.എം.ആര്. കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പാലം നിര്‍മിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് കേരള റോഡ് ഫണ്ട് ബോര്‍ഡ് പി.എം.യു. യൂണിറ്റിനാണ് മേല്‍നോട്ട ചുമതല.
2023 ജൂലൈയില്‍ മന്ത്രി റിയാസാണ് പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. 265 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുളള പാലമാണിത്. ദേശീയ ജലപാതയ്ക്ക് കുറുകെയായതിനാല്‍ പാലത്തിന്റെ നടുവിലായി ജലയാനങ്ങള്‍ക്ക് പോകാന്‍ 55 മീറ്റര്‍ നീളത്തിലും ജലവിതാനത്തില്‍നിന്ന് 6 മീറ്റര്‍ ഉയരത്തിലുമായി ബോ സ്ട്രിംഗ് ആര്‍ച്ച് രൂപത്തിലാണ് രൂപകല്‍പ്പന. അത്തോളി, പൂക്കാട് നിവാസികളുടെ ഏറെക്കാലത്തെ ആവശ്യമാണ് ഈ പാലം.
