
തിരുവനന്തപുരം: തൃശൂരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് അക്രമിച്ച സിപിഎമ്മിന്റെ നടപടി അത്യന്തം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജനാധിപത്യപരമായ പ്രതിഷേധങ്ങളുടെ മറവില്‍ അക്രമം നടത്താനാണ് ലക്ഷ്യമെങ്കില്‍ ബിജെപിക്ക് അതനുവദിക്കാനാവില്ല. .
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുന്നതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ മുന്നറിയിപ്പ് നല്കി. കേന്ദ്ര മന്ത്രിയുടെ ക്യാമ്പ് ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ബിജെപി അധ്യക്ഷൻ അറിയിച്ചു.
സംഘര്‍ഷത്തിന്റെ ഭാഷയിലേക്ക് ജനാധിപത്യപരമായ പ്രതിഷേധങ്ങളെ മാറ്റാന്‍ ശ്രമിച്ചാല്‍ ഉത്തരവാദിത്വം സിപിഎമ്മിന് മാത്രമായിരിക്കും. ജനാധിപത്യപരമായ സമരങ്ങളെ ബിജെപി അംഗീകരിക്കും, അതിന്റെ മറവില്‍ അക്രമം അഴിച്ചുവിടാനാണ് സിപിഎം ശ്രമിക്കുന്നതെങ്കില്‍ സിപിഎമ്മിന്റെ യഥാര്‍ത്ഥ മുഖം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ബിജെപി തുറന്നുകാട്ടും. രാഹുല്‍ ഗാന്ധി തുറന്നുവിട്ട നുണപ്രചാരണം ഏറ്റുപിടിച്ച് ബിജെപിക്കെതിരെ കായികമായ അക്രമം നടത്താനുള്ള ശ്രമമാണ് നടക്കുന്നതെങ്കില്‍ അതനുവദിക്കില്ല.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച തൃശൂരിലെ വോട്ടര്‍മാരെയാണ് സിപിഎമ്മും കോണ്‍ഗ്രസും അപമാനിക്കുന്നത്. ഇത്തരം പ്രതിഷേധ നാടകങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ബിജെപിക്കും ജനാധിപത്യ മാര്‍ഗ്ഗത്തില്‍ പ്രതിഷേധിക്കേണ്ടിവരും. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുറ്റപ്പെടുത്തി.
