
തൃശൂര്‍: വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലെ എംപി ക്യാമ്പ് ഓഫീസിലേക്ക് സിപിഎം മാര്‍ച്ച്. മാര്‍ച്ച് ഓഫീസിന് സമീപം പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതിനിടെ സിപിഎം പ്രവര്‍ത്തകരിലൊരാള്‍ എംപിയുടെ ക്യാമ്പ് ഓഫീസിലേക്കുള്ള ബോര്‍ഡിൽ കരി ഓയിൽ ഒഴിച്ചു. ഇതോടെ നാടകീയ രംഗങ്ങളാണ് പ്രതിഷേധ സ്ഥലത്തുണ്ടായത്. കരി ഓയിൽ ഒഴിച്ചശേഷം ബോര്‍ഡിൽ ചെരുപ്പുമാല അണിയിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസെത്തി സിപിഎം പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു. സിപിഎം പ്രവര്‍ത്തകനായ വിപിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇതോടെ നേതാക്കള്‍ ഇടപെട്ടു. പൊലീസ് വാഹനത്തിലേക്ക് മാറ്റിയ വിപിനെ പിന്നീട് സിപിഎം നേതാക്കളെത്തി വാഹനത്തിൽ നിന്ന് മോചിപ്പിച്ച് പുറത്തേക്ക് കൊണ്ടുവരുകയായിരുന്നു. വ്യക്തിപരമായ പ്രതിഷേധമാണ് നടത്തിയതെന്നും അറസ്റ്റ് ചെയ്താലും കുഴപ്പമില്ലെന്നും വിപിൻ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് കരി ഓയിൽ ഒഴിച്ചതെന്നും വിപിൻ പറഞ്ഞു. മറ്റു സ്ഥലങ്ങളിൽ ഉള്ളതുപോലെ അമ്പലം പൊളിക്കാനും പള്ളി പൊളിക്കാനും നമ്മള് പോകുന്നില്ലെന്നും ജനാധിപത്യ പ്രതിഷേധമാണ് നടത്തിയതെന്നും വിപിൻ പറഞ്ഞു.
സുരേഷ് ഗോപി തൃശൂര്‍ എടുത്തതല്ല, കട്ടതാണ് എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പ്രതിഷേധ മാര്‍ച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദര്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് ഗോപി തൃശൂര്‍ എടുത്തതല്ലെന്നും കട്ടതാണെന്നും അബ്ദുൽ ഖാദര്‍ ആരോപിച്ചു. ജനാധിപത്യത്തിലെ കറുത്ത പുള്ളിയായി സുരേഷ് ഗോപി മാറിയെന്നും അബ്ദുൽ ഖാദര്‍ ആരോപിച്ചു.
