മനാമ: ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള പുതിയ ഉഭയകക്ഷി യാത്രാ കരാർ പ്രകാരം ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകൾ പുനരാരംഭിച്ചു. ഇന്നുമുതലാണ് ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. ആദ്യ സർവീസുകൾ ആരംഭിക്കുന്നത് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നാണ്. ഉടൻതന്നെ ഇന്ത്യയിലെ മറ്റ് വിവിധ നഗരങ്ങളിൽനിന്നും സർവീസ് ആരംഭിക്കുമെന്ന് ഗൾഫ് എയർ വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. എയർ ബബ്ൾ കരാർ പ്രകാരം പൗരന്മാർക്കും റെസിഡൻസ് പെർമിറ്റ് ഉള്ളവർക്കും സാധുവായ ഏതു വിസയുള്ളവർക്കും ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്കു വരാൻ സാധിക്കും.
ബഹ്റൈനിൽ എത്തുന്നവർ ബി അവെയർ എന്ന മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യുകയും എല്ലാവരും സ്വന്തം ചെലവിൽ പി.സി.ആർ ടെസ്റ്റിന് വിധേയരാകുകയും വേണം. ഇതിന്റെ ഫലം വരുന്നതുവരെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. ഇതിനായി 60 ദിനാറാണ് അടക്കേണ്ടത്. ഇത് ബി അവെയർ ആപ്പ് വഴിയോ ബഹ്റൈൻ ഇ ഗവൺമെൻറ് പോർട്ടൽ വഴിയോ വിമാനത്താവളത്തിലെ കിയോസ്ക് മുഖേനയോ അടക്കാവുന്നതാണ്. ഇന്ത്യ- ബഹ്റൈൻ ദ്വിരാഷ്ട്ര എയർ ബബ്ൾ കരാർ, വിസ കാലാവധി കഴിയാറായി നിൽക്കുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
ബഹ്റൈൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾക്കായി പ്രത്യേകമായി 13 രാജ്യങ്ങളുമായി ഇന്ത്യ ചർച്ച നടത്തുന്നുണ്ട്. നിലവിൽ ലണ്ടൻ, പാരീസ്, ഫ്രാങ്ക്ഫർട്ട്, മനില, ഏഥൻസ്, കെയ്റോ, അബുദാബി, ദുബായ്, കുവൈറ്റ്, പെഷവാർ, ഇസ്ലാമാബാദ്, ലാഹോർ, കറാച്ചി എന്നിവിടങ്ങളിലേക്ക് വിമാന സർവീസ് നടത്തുന്നു.