വി. അബ്ദുല്‍ മജീദ്
മലപ്പുറം: നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ ചൂടുള്ള ചര്‍ച്ചയായി സി.പി.എമ്മിന്റെ ആര്.എസ്.എസ്. ബന്ധം. ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ട് ശത്രുപക്ഷത്തിന് ആയുധം നല്‍കിയത് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
കഴിഞ്ഞ കുറെ ദിവസങ്ങളിലായി പ്രചാരണത്തില്‍ നിറഞ്ഞുനിന്നത് യു.ഡി.എഫിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധമായിരുന്നു. ജമാഅത്തെ ഇസ്ലാമി നിയന്ത്രിക്കുന്ന രാഷ്ട്രീയ കക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചതു ചൂണ്ടിക്കാട്ടി യു.ഡി.എഫ് വര്‍ഗീയ ശക്തികളുടെ തണലിലാണ് മത്സരിക്കുന്നതെന്ന ആരോപണവുമായി മുന്നേറുകയായിരുന്നു എല്‍.ഡി.എഫ്. ചേരി. ജമാഅത്തെ ഇസ്ലാമിയുമായുള്ള എല്‍.ഡി.എഫിന്റെ ആദ്യകാല ബന്ധം ചൂണ്ടിക്കാട്ടി യു.ഡി.എഫും കളത്തിലിറങ്ങിയതോടെ അങ്കം കൊഴുത്തു. മണ്ഡലത്തിന്റെ വികസന പ്രശ്നങ്ങളും മറ്റു രാഷ്ട്രീയ വിഷയങ്ങളും പിറകിലേക്ക് പോയി.
ഇതിനിടയിലാണ് എം.വി. ഗോവിന്ദന് ഒരു വാര്‍ത്താ ചാനലിനു നല്കിയ അഭിമുഖം ശബ്ദപ്രചാരണത്തിന്റെ കലാശക്കൊട്ട് ദിനമായ ഇന്നലെ പുറത്തുവന്നത്. സി.പി.എം. മുമ്പ് ആര്.എസ്.എസുമായി ബന്ധമുണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമായി പറയുകയുണ്ടായി. അടിയന്തരാവസ്ഥയ്ക്കൊടുവില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ സി.പി.എമ്മിന്റെ രാഷ്ട്രീയ സഖ്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇതു പറഞ്ഞത്. ഇപ്പോള്‍ ഇത് പറയുന്നത് വിവാദമാകില്ലേ എന്ന അഭിമുഖം നടത്തിയയാളുടെ ചോദ്യത്തിന്, സത്യം പറയുമ്പോള്‍ എന്തിന് വിവാദം എന്ന മറുചോദ്യമുന്നയിച്ച് ഗോവിന്ദന് താന്‍ പറഞ്ഞ കാര്യത്തിന് അടിവരയിടുകയുമുണ്ടായി.
നിലമ്പൂര്‍ ജനത പോളിംഗ് ബൂത്തിലേക്കു പോകാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വീണുകിട്ടിയ ആയുധം പരമാവധി ഉപയോഗിക്കുകയാണ് യു.ഡി.എഫ്. ശബ്ദപ്രചാരണത്തിന്റെ സമയം അവസാനിച്ചതിനാല്‍ സമൂഹമാധ്യമങ്ങള്‍ വഴി ഇത് പരമാവധി പ്രചരിപ്പിക്കുകയാണവര്‍. തന്റെ വാക്കുകള്‍ വളച്ചൊടിച്ചു എന്ന് പറഞ്ഞുകൊണ്ട് ഗോവിന്ദന് ഇന്ന് രംഗത്തുവന്നെങ്കിലും അഭിമുഖത്തില്‍ പറഞ്ഞതിന്റെ ദൃശ്യങ്ങള്‍ ആ വാദത്തെ ദുര്‍ബലമാക്കുകയാണ്. വോട്ടെടുപ്പിനുള്ള സമയമടുക്കുമ്പോള്‍ ഇരുമുന്നണികളുടെയും ചങ്കിടിപ്പേറുകയാണ്. ഫലം പ്രവചനാതീതമായ അവസ്ഥയാണ് ഇപ്പോഴുള്ളത്. രാജിവെച്ച് മത്സരത്തിനു കളമൊരുക്കി വീണ്ടും മത്സരത്തിനിറങ്ങിയ മുന്‍ എം.എല്‍.എ. പി.വി. അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ എവിടെനിന്നായിരിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും ഫലമെന്ന് ഇരുചേരികളും കരുതുന്നു.