മനാമ: ഇരുപത്തി എട്ടു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് അനിൽ അണേല കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്തുള്ള അണേലകടവ് എന്ന തന്റെ ഗ്രാമത്തിലേക്കു തിരികെ പോകുന്നു. പ്രവാസ ജീവിതത്തിന് സെപ്റ്റംബർ 9 ന് അവസാനം കുറിക്കും.സൗദി അറേബ്യ.യു.എ.ഇ, ഒമാൻ. ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രവാസ ജീവിതത്തിന്റെ തുടർച്ചയായാണ് 15 വർഷം മുമ്പ് ബഹറിനിൽ എത്തി ചേർന്നത്. വന്ന നാൾ മുതൽ സിത്ര ഇൻഡസ്ട്രിയൽ ഏരിയയിൽ ഉള്ള യൂണിവേഴ്സൽ വിൻഡോസ് എന്ന സ്ഥാപനത്തിൽ ജോലി തുടങ്ങി. ഇപ്പോൾ അതെ സ്ഥാപനത്തിൽ സൂപ്പർവൈസർ ആയി പ്രവർത്തിച്ചു വരികയായിരുന്നു അനിൽ. മാനേജ്മെന്റിന്റെ മനസ്സ് അറിഞ്ഞു പ്രവർത്തിച്ചതി നാലാണ് തനിക്കു ഇത്ര നീണ്ട കാലം ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യാൻ കഴിഞ്ഞത് എന്ന് അനിൽ അണേല വിശ്വസിക്കുന്നു.ഒപ്പം തനിക്കൊപ്പം ജോലി ചെയ്തവരിൽ നിന്നുള്ള അകമഴിഞ്ഞ സഹായവും.
അതി കഠിനമായ ജോലി തിരക്കിലും സമൂഹ ജീവിയായ മനുഷ്യൻ എന്ന നിലയിൽ പുറത്തു നടക്കുന്ന കാഴ്ചകളെ ശരിയായ വിധത്തിൽ ഒപ്പിയെടുക്കാൻ ശ്രമിച്ചിരുന്നു.അതാത് കാലത്തെ ഭരണാധികാരികളുടെ ദീർഘ വീക്ഷണം ആണ് ഓരോ രാജ്യത്തിന്റെയും മുഖഛായ മാറ്റുന്നത് എന്ന് കുറഞ്ഞ പക്ഷം ഗൾഫ് വികസനം മുൻ നിർത്തി മനസ്സിലാക്കാൻ കഴിഞ്ഞിരിക്കുന്നു. വികസനം നമ്മുടെ നാട്ടിലും എത്തി ചേരണം എന്നും അതിനു ഹൃദയ പക്ഷതോടൊപ്പം നില്ക്കലാണ് ശരിയായ ധർമ്മം എന്നുമുള്ള തിരിച്ചറിവിൽ ആണ് എട്ടു വർഷം മുമ്പ് ഒരു വാട്സ്ആപ്പ് കൂട്ടായ്മക്ക് രൂപംകൊടുക്കുന്നത്.ഇന്നിപ്പോൾ അത് എൺപതിൽ പരം ആയി വളർന്നിരിക്കുന്നു.
തുടങ്ങിയ കാലത്ത് പ്രിന്റ്ഡ് മീഡിയ , ഇല ക്ട്രോണിക് മീഡിയകൾക്കുണ്ടായ പ്രചുര പ്രചാരം സോഷ്യൽ മീഡിയക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അത്തരം മുഖ്യധാരാ മാധ്യമങ്ങളെ തിരുത്തുന്ന രീതിയിൽ നവ മാധ്യമം വളർന്നിരിക്കുന്നു.അത്തരം ഒരു ചിന്ത നേരത്തെ ഉള്ളിൽ കയറിയതും ഇപ്പോൾ ഭൂരിഭാഗം മനുഷ്യരും നേരറിയാൻ നവമാധ്യമങ്ങളെ ആശ്രയിക്കുന്നതും കാണുമ്പോൾ എന്തോന്നില്ലാത്ത ആഹ്ലാദമാണ് അനിലിന്.ഇതിനിടയിലും കള്ളം മാത്രം കൈമുതലായ ചില വർഗീയ കോമരങ്ങളുടെ ഇടപെടലിൽ സമൂഹ മാധ്യമങ്ങളുടെ വിശ്വാസ്യത ചോർന്നു പോകുന്നതിൽ അസംതൃപ്തനുമാണ് അനിൽ. കഴിഞ്ഞ എട്ടു വർഷമായി ദേശാഭിമാനി മുഖ പത്രം വിവിധ കൂട്ടായ്മകളിൽ മുടക്കം കൂടാതെ അനിലിന്റെ നേതൃത്വത്തിൽ വായിക്കപ്പെട്ടു വരുന്നു. നാട്ടിൽ ചെന്നാലും ഇടതു പക്ഷ പ്രസ്ഥാനതോട് ചേർന്ന് നിന്ന് കൊണ്ടുള്ള പ്രവർത്തനം ആയിരിക്കും നടത്തുക. ഇടയിൽ മഹാരാജാസ് കോളേജിൽ വർഗിയ തീവ്രവാദികൾ കൊന്നു തള്ളിയ ധീര സഖാവ് അഭിമന്യുവെ കുറിച്ചുള്ള “പത്മവ്യൂഹത്തിലെ അഭിമന്യു “എന്ന സിനിമയുടെ നിർമാതാക്കളിൽ ഒരാൾ കൂടിയാണ് അനിൽ. അച്ഛൻ: വാസു, അമ്മ:തങ്കം ഭാര്യ:ഫെമിദ, മക്കൾ: ആദിത് .ആകാശ്.