തിരുവനന്തപുരം: കുംഭമാസത്തിൽ കാർത്തിക നാളിൽ ഉത്സവം ആരംഭിച്ച് പത്തു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളിൽ പ്രധാനം പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ദിവസം നടക്കുന്ന പൊങ്കാലയാണ്. മാർച്ച് 5 രാവിലെ 10ന് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തും. കുത്തിയോട്ട വ്രതം 7 ന് ആരംഭിക്കും. ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 13നാണ്. 13 ന് രാവിലെ 10:15ന് പണ്ടാര അടുപ്പിലേക്ക് അഗ്നിപകരും. ഉച്ചയ്ക്ക് 1:15 നാണ് പൊങ്കാല നിവേദ്യം നടക്കുക. മാര്‍ച്ച് 14 ന് കുരുതി തര്‍പ്പണത്തോടെ ഉത്സവാഘോഷങ്ങള്‍ക്ക് സമാപനമാകും.
തിരുവനന്തപുരം നഗരത്തിന്റെ ഉത്സവമാണ് എങ്കിലും കേരളത്തിലെ മറ്റു ജില്ലകളിൽ നിന്നും വിശിഷ്യാ തെക്കൻ ജില്ലകളിൽ നിന്നും തമിഴ് നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി അടക്കമുള്ള പ്രദേശങ്ങളിൽ നിന്നും, വിദേശ രാജ്യങ്ങളിൽ നിന്നടക്കം ദേവി ഭക്തരും, ശക്തി ഉപാസകരും ഇതിൽ പങ്കെടുക്കാറുണ്ട്. പൊങ്കാലയ്ക്കായി ഭഗവതി തന്റെ മൂലകേന്ദ്രമായ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്ന് എത്തുന്നു എന്നാണ് വിശ്വാസം. ആറ്റുകാലിൽ പൊങ്കാല ഇട്ടു പ്രാർത്ഥിച്ചാൽ ആഗ്രഹിക്കുന്ന ഏതൊരു ന്യായമായ കാര്യവും നടക്കുമെന്നും, ആപത്തുകളിൽ ആറ്റുകാലമ്മ തുണ ആകുമെന്നും, ഒടുവിൽ ഭഗവതിയുടെ സന്നിധിയിൽ മോക്ഷം പ്രാപിക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു.