മനാമ: കോവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന സർക്കാർ – സ്വകാര്യ സ്കൂളുകൾ പുനരാരംഭിക്കുമ്പോൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. കിരീടാവകാശിയും ആദ്യത്തെ ഉപപ്രധാനമന്ത്രിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന സർക്കാർ എക്സിക്യൂട്ടീവ് കമ്മിറ്റിപുറപ്പെടുവിച്ച നിർദ്ദേശങ്ങളുടെ ഭാഗമായാണ് വിദ്യാഭ്യാസ മന്ത്രാലയം പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിയത്.
കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മുൻകരുതലുകൾ, സുരക്ഷാ നടപടിക്രമങ്ങൾ, ആകസ്മിക പദ്ധതികൾ എന്നിവ മാർഗ്ഗനിർദ്ദേശത്തിൽ വിശദീകരിക്കുന്നു. കൂടാതെ ഗതാഗതം, ശുചിത്വം, ക്ലാസ്സുകളിൽ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതകൾ, “സ്റ്റുഡൻറ്സ് ക്ലാസ് റൂം ബബിൾസ്” എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും മാർഗ നിർദ്ദേശത്തിൽ പറയുന്നുണ്ട്. പാഠ്യപദ്ധതി, വിലയിരുത്തൽ, മിശ്രിത പഠന സാഹചര്യങ്ങൾ എന്നിങ്ങനെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളും മാർഗ്ഗനിർദ്ദേശത്തിൽ ഉൾക്കൊള്ളുന്നു.
മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനും മാതാപിതാക്കളുമായും ആരോഗ്യ അധികാരികളുമായും ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനും ഓരോ സ്കൂളിലും ഒരു ആഭ്യന്തര അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കും. 50 പേജുള്ള മാർഗ നിർദ്ദേശ പത്രിക ഇപ്പോൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. മാറിവരുന്ന കോവിഡ് -19 സാഹചര്യത്തിനനുസരിച്ച് ഈ മാർഗ്ഗനിർദ്ദേശങ്ങൾ തുടർച്ചയായി അപ്ഡേറ്റ് ചെയ്യും.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും മാതാപിതാക്കളിൽ നിന്നുമുള്ള എല്ലാ നിർദ്ദേശങ്ങളും ഇമെയിൽ വഴി institutions@moe.bh അല്ലെങ്കിൽ parents@moe.bh -ലേക്ക് അയക്കാൻ സാധിക്കും.