
തിരുവനന്തപുരം: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ-ചൂരല്‍മല പ്രദേശങ്ങളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വൈകാതെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഉപജീവനമാര്ഗമുള്പ്പെടെയുള്ള പുനരധിവാസപദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റും കല്പറ്റ വില്ലേജിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റുമാണ് ടൗണ്‍ഷിപ്പിനായി തിരഞ്ഞെടുത്തത്. എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ 58.5 ഹെക്ടറും നെടുമ്പാലയില്‍ 48.96 ഹെക്ടറും ഏറ്റെടുക്കും. ഡ്രോണ്‍ സര്‍വേയിലൂടെയാണ് സ്ഥലം കണ്ടെത്തിയത്. ടൗണ്‍ഷിപ്പുകളില്‍ വീടുകള്‍ക്കു പുറമെ മാര്‍ക്കറ്റ്, ആരോഗ്യകേന്ദ്രം, വിദ്യാലയം, അങ്കണവാടി, കുടിവെള്ളം, വൈദ്യുതി തുടങ്ങി എല്ലാ സൗകര്യങ്ങളുമേര്‍പ്പെടുത്തും. ദുരന്തബാധിത കുടുംബങ്ങളുടെ അന്തിമലിസ്റ്റ് ജനുവരി 25നകം പുറത്തിറക്കാന്‍ കഴിയും.
പി.കെ. കുഞ്ഞാലിക്കുട്ടി, രാഹുല്‍ ഗാന്ധിയുടെ പ്രതിനിധി, കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രതിനിധി, ഡി.വൈ.എഫ്.ഐ, കെ.സി.ബി.സി, നാഷണല്‍ സര്‍വീസ് സ്കീം, ശോഭ സിറ്റി തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. പുനരധിവാസം ഏകോപിപ്പിക്കാന്‍ സ്പെഷല്‍ ഓഫീസറെ നിയമിക്കും. വയനാട് ദുരന്തത്തെ അതിതീവ്രസ്വഭാവമുള്ള ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചതായി അറിയിപ്പു ലഭിച്ചെങ്കിലും കേരളത്തിന് ലഭിക്കേണ്ട ധനസഹായത്തെക്കുറിച്ചോ വായ്പകള്‍ എഴുതിത്തള്ളുന്നതിനെക്കുറിച്ചോ മാനദണ്ഡങ്ങളില്‍ ഇളവു നല്‍കുന്നതിനെക്കുറിച്ചോ ഒരു കാര്യവും വ്യക്തമാക്കിയിട്ടില്ല.
നിര്‍മിക്കുന്ന വീടുകളുടെ കൃത്യമായ എണ്ണം നിശ്ചയിച്ചിട്ടില്ല. ആവശ്യമായ വീടുകള്‍ ഇപ്പോള്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ നിര്‍മിക്കാനാവില്ല. പൂര്‍ണമായി വീട് തകര്ന്നവര്ക്കാവും മുന്‍ഗണന. വീടുകളുടെ ഉടമസ്ഥാവകാശം ദുരന്തബാധിതര്‍ക്കു നല്‍കുമെങ്കിലും ക്രയവിക്രയത്തിന് നിബന്ധനകളുണ്ടാകും
ശിവഗിരിയില്‍ സനാതന ധര്‍മം സംബന്ധിച്ചു പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ശ്രീനാരായണ ഗുരുവിനെ സനാതന ധര്‍മത്തിന്റെ വക്താവായിട്ടല്ല കാണേണ്ടത്. ക്ഷേത്രങ്ങളില്‍ കയറുമ്പോള്‍ ഷര്‍ട്ട് ധരിക്കുന്നതു സംബന്ധിച്ച് ശിവഗിരിയിലെ യോഗത്തില്‍ അദ്ധ്യക്ഷപ്രസംഗത്തിനിടെ സച്ചിദാനന്ദ സ്വാമിയാണ് പറഞ്ഞത്. എസ്.എന്‍.ഡി.പി. ക്ഷേത്രങ്ങളില്‍ അതു നടപ്പാക്കാന്‍ പോകുന്നെന്നും പറഞ്ഞു. അത് നല്ല നിര്‍ദേശമാണെന്നാണ് താന്‍ പറഞ്ഞത്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലും അത്തരം തീരുമാനമെടുക്കാന്‍ പോകുകയാണെന്ന് തന്നെ വന്നുകണ്ട ചില ദേവസ്വം പ്രതിനിധികളും പറഞ്ഞു. വളരെ നല്ല തീരുമാനമാണെന്ന് താന്‍ പറഞ്ഞു. ഇതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരല്ല ബോര്‍ഡാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
