കോഴിക്കോട്: ഇടതുമുന്നണി വിട്ട് യു.ഡി.എഫിൽ ചേർന്ന
ഫറോക്ക് നഗരസഭാ കൗൺസിലറെ ചെരിപ്പുമാല അണിയിക്കാനുള്ള എൽ.ഡി.എഫ്. അംഗങ്ങളുടെ ശ്രമം നഗരസഭാ കൗൺസിൽ ഹാളിൽ നാടകീയരംഗങ്ങൾ സൃഷ്ടിച്ചു. തിങ്കളാഴ്ച കൗൺസിൽ യോഗം ചേരുന്നതിനു മുമ്പാണ് സംഘർഷമുണ്ടായത്. എൽ.ഡി.എഫ്, യു.ഡി.എഫ്. വനിതാ കൗൺസിലർമാർ തമ്മിൽ ഏറെനേരം ഉന്തും തള്ളുമുണ്ടായി. പ്രതിഷേധവും പ്രതിരോധവും കയ്യാങ്കളി വരെയെത്തി. കുന്നത്ത്മൊട്ട 14ാം വാർഡ് കൗൺസിലർ ഷനൂബിയ നിയാസിനു നേരെയാണ് എൽ.ഡി.എഫ്. കൗൺസിലർമാരുടെ അക്രമമുണ്ടായത്.
രാവിലെ 10.30ന് കൗൺസിൽ യോഗം തുടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് എൽ.ഡി.എഫ്. അംഗങ്ങൾ മുദ്രാവാക്യം മുഴക്കി പ്രതിഷേധവുമായി ഹാളിലെത്തിയത്. ഇതോടെ യു.ഡി.എഫ്. അംഗങ്ങൾ ഷനൂബിയ നിയാസിന് അഭിവാദ്യം വിളിച്ചു ചുറ്റും വലയം തീർത്തു പ്രതിരോധിച്ചു. എൽ.ഡി.എഫ്. കൗൺസിലർമാർ ചെരിപ്പുമാലയുമായി അടുത്തേക്ക് വന്നതോടെയാണ് കയ്യാങ്കളിയുണ്ടായത്. പിടിവലിക്കിടെ ചില കൗൺസിലർമാർ നിലത്തുവീണു. മുക്കാൽ മണിക്കൂർ നീണ്ട പ്രതിഷേധം എൽ.ഡി.എഫ്. അംഗങ്ങൾ അവസാനിപ്പിച്ചതിനെ തുടർന്നാണ് കൗൺസിൽ യോഗം തുടങ്ങിയത്. ആർ.ജെ.ഡി. അംഗമായിരുന്ന ഷനൂബിയ കഴിഞ്ഞ മാസം 26ന് മുസ്ലിം ലീഗിൽ ചേർന്നിരുന്നു. ഇതിനു ശേഷമുള്ള ആദ്യ നഗരസഭാ കൗൺസിൽ യോഗമായിരുന്നു ഇന്നലെ. ഈ മാസം രണ്ടിന് പുലർച്ചെ ഷനൂബിയയുടെ വീടിനു നേരെ കല്ലേറുണ്ടായിരുന്നു.