ഇസ്ലാമാബാദ്: പാകിസ്ഥാനിലെ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 24 മരണം. 40 പേർക്ക് പരിക്കേറ്റു. ബലൂചിസ്ഥാനിലെ ക്വെറ്റ റെയിൽവേ സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്. പെഷവാറിലേക്കുള്ള ട്രെയിൻ പുറപ്പെടാൻ തയ്യാറായിരിക്കെയാണ് പൊട്ടിത്തെറിയുണ്ടായത്.സംഭവസമയം ഏകദേശം 100 പേർ സ്ഥലത്തുണ്ടായിരുന്നു. ഭീകരാക്രമണമാണെന്നും ചാവേർ ആക്രമണമാണെന്നും വിവരമുള്ളതായി ക്വെറ്റ എസ് എസ് പി മൊഹമ്മദ് ബലോച്ച് പറഞ്ഞു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. പൊലീസും സുരക്ഷാസേനയും സ്ഥലത്തെത്തിയതായി ബലൂചിസ്ഥാൻ സർക്കാർ വക്താവ് ഷാഹിദ് റിൻഡ് വ്യക്തമാക്കി. ബോംബ് ഡിസ്പോസൽ സ്ക്വാഡ് പ്രദേശത്ത് പരിശോധന നടത്തുകയാണ്. പരിക്കേറ്റവരിൽ പലരും ഗുരുതരാവസ്ഥയിലായതിനാൽ മരണസംഖ്യ ഉയരാൻ സാദ്ധ്യതയുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്ഥാനിലെ ഏറ്റവും വലുതും ദരിദ്രവുമായ പ്രവിശ്യയാണ് ബലൂചിസ്ഥാൻ. തീവ്രവാദികളുടെ പ്രവർത്തനകേന്ദ്രമാണ് ഇവിടമെന്നും റിപ്പോർട്ടുകളുണ്ട്. മുൻപ് പ്രദേശത്തെ വിദേശ ഫണ്ടിംഗുള്ള ഊർജ പദ്ധതികളെ തീവ്രവാദികൾ ലക്ഷ്യംവച്ചിരുന്നു. ആക്രമണത്തിന് പിന്നിൽ തീവ്രവാദി സംഘടനയായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ആണെന്ന് സൂചനയുണ്ട്.
സുരക്ഷാ സേനയ്ക്ക് മേലുള്ള ആക്രമണങ്ങളിലും മറ്റ് പ്രവിശ്യകളിൽ നിന്നുള്ള പാകിസ്ഥാനികൾക്കുമേലുള്ള ആക്രമണങ്ങളിലും നേരത്തെ ബിഎൽഎ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ 39 പേർ കൊല്ലപ്പെടാനിടയായ ആക്രമണത്തിലും ബിഎൽഎ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.