മനാമ: ഇറാന് നേരെ നടക്കുന്ന ആക്രമണത്തെ ബഹ്റൈന്‍ അപലപിച്ചു. മദ്ധ്യപൗരസ്ത്യ മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളിലും സൈനിക പ്രവര്‍ത്തനങ്ങളിലും രാജ്യം കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഈ ആക്രമണം മൂലം നിരപരാധികളായ സാധാരണക്കാര്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും മേഖലയിലെ മനുഷ്യരുടെ അവസ്ഥ വഷളാകുമെന്നും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
മേഖലയില്‍ സമഗ്രവും അടിയന്തരവും ശാശ്വതവുമായ വെടിനിര്‍ത്തല്‍ ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണം. ബന്ധപ്പെട്ട എല്ലാ കക്ഷികളും സംയമനം പാലിക്കുകയും യുദ്ധവും സംഘര്‍ഷവും കൂടുതല്‍ പടരാതിരിക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യണം. പ്രാദേശിക സുരക്ഷയും സുസ്ഥിരതയും കൈവരിക്കാന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കണം. മേഖലയിലെ എല്ലാ ജനങ്ങള്‍ക്കും സുരക്ഷിതത്വത്തോടെയും സമാധാനത്തോടെയും സമൃദ്ധിയോടെയും ജീവിക്കാനുള്ള അവകാശത്തെ രാജ്യം പിന്തുണയ്ക്കുന്നു. ഗാസയിലും തെക്കന്‍ ലെബനനിലും ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം. ജനങ്ങളെ സംരക്ഷിക്കണം. കുടിയൊഴിപ്പിക്കപ്പെട്ട വ്യക്തികളുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.