തിരുവനന്തപുരം: സുഹൃത്തിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയും മൃതദേഹം വീട്ടിൽ ഒളിപ്പിച്ചുവെച്ചശേഷം പുരയിടത്തിൽതള്ളി തെളിവ് നശിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും. നെയ്യാറ്റിൻകര ചെങ്കൽ, കുഴിച്ചാണി അശ്വതി ഭവനിൽ ജോണി (53)നെയാണ് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ.എം.ബഷീർ ശിക്ഷിച്ചത്. ചെങ്കൽ തൃക്കണ്ണപുരം, പുല്ലുവിള പുത്തൻ വീട്ടിൽ തോമസ് (43)നെയാണ് ജോൺ കൊലപ്പെടുത്തിയത്.
കൊലചെയ്യപ്പെട്ട തോമസിനോട് മുൻവിരോധത്തിൽ കഴിഞ്ഞുവന്നയാളാണ് പ്രതി ജോണി. നിരവധി കേസുകളിൽ പ്രതിയായ ജോണി, തോമസിന്റെ സഹോദരിയോട് സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചത് തോമസ് പറഞ്ഞു വിലക്കിയിരുന്നു. തുടർന്ന് ഇവർ തമ്മിൽ ഉന്തും തള്ളും പിടിവലിയും, കളിയാക്കലുകളും പതിവായിരുന്നു.
2021 ജൂൺ 23-ന് രാത്രി ചെങ്കൽ വട്ടവിള ജംഗ്ഷനിൽ ജോജു എന്നയാൾ നടത്തിയിരുന്ന മുത്തൂസ് ഹോട്ടലിനു മുൻവശം വച്ചാണ് കുറ്റകൃത്യത്തിന്റെ തുടക്കം. കാപ്പി കുടിക്കാൻ എത്തിയ തോമസിനെ പിന്തുടർന്ന് എത്തിയ പ്രതി ജോണി നാട്ടുകാരുടെ മുന്നിൽവെച്ച് പിടിച്ചുതള്ളുകയും കളിയാക്കുകയും ചെയ്തു. തുടർന്ന് സ്വന്തം വീട്ടിലേക്ക് പോകാനൊരുങ്ങിയ തോമസിനെ ജോണി അനുനയിപ്പിച്ച് ബൈക്കിൽ കയറ്റി കുഴിച്ചാണിയിലെ തന്റെ വീടിന്റെ ഹാളിൽവെച്ച് മർദ്ദിച്ചവശനാക്കി. പാറക്കഷണംകൊണ്ട് ഇടിക്കുകയും തല പിടിച്ച് മുറിയിലെ കട്ടിലിന്റെ കാലിൽ ഇടിച്ചുമാണ് തോമസിനെ ജോണി കൊലപ്പെടുത്തിയത്. മർദനത്തിൽ തോമസിന്റെ എട്ട് വാരിയെല്ലുകൾ തകർന്നിരുന്നു.
തുടക്കത്തിൽ അസ്വാഭാവിക മരണത്തിനാണ് പാറശ്ശാല പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പ്രതിയെ അറസ്റ്റ് ചെയ്ത് കൃത്യത്തിന് ഉപയോഗിച്ച പാറക്കല്ലിന്റെ കഷണവും, രക്തം തുടച്ചു കളയാൻ ഉപയോഗിച്ച പ്രതിയുടെ തോർത്ത്, മുണ്ട്, ഷർട്ട് എന്നിവ കണ്ടെടുത്തു. സംഭവംനടന്ന വീട്ടിലെ തറയിൽ കണ്ട രക്തക്കറയും പ്രതിയുടെ വസ്ത്രങ്ങളിൽ കണ്ട രക്തക്കറയും, വായിൽ നിന്നുമുള്ള സ്രവങ്ങളും ഫോറൻസിക് പരിശോധനയിൽ മരിച്ച തോമസിന്റേതാണെന്ന് തെളിഞ്ഞു.
സംഭവദിവസം രാത്രിയിൽ തോമസിനെ ജോണി ബൈക്കിൽ പിറകിലിരുത്തി കൊണ്ടു പോകുന്നതിന്റെ വട്ടവിള ജംഗ്ഷനിലെ സർവീസ് സഹകരണ ബാങ്ക് സി.സി.ടി.വി ദൃശ്യങ്ങളാണ് മറ്റൊരു തെളിവായി മാറിയത്. കൃത്യം നടന്ന ദിവസം പ്രതി ജോണി തന്റെ സഹോദരനായ ഉന്നത പോലീസ് ഉദ്യോഗസ്ഥനെ വിളിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ മൊഴി നൽകിയിരുന്നു. പ്രതിയുടെ രണ്ടു സഹോദരങ്ങൾ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരാണ്. ഇയാളുടെ ഭാര്യയും മക്കളും ഒൻപതുവർഷം മുൻപേ ഇയാളെ ഉപേക്ഷിച്ചുപോയിരുന്നു.
നിരവധി കഞ്ചാവ്, ചാരായം, മണൽ കടത്തു കേസുകളിലും ജോണി ഉൾപ്പെട്ടിട്ടുണ്ട്. ഈ കേസുകളുടെ രേഖകളും പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു 341,342,364, 323,326,& 302 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും 2ലക്ഷം രൂപ പിഴയും വിധിച്ചത്. പ്രോസിക്യുഷൻ ഭാഗം 46 സാക്ഷികളെ വിസ്തരിച്ചു.70 രേഖകളും കേസിൽപെട്ട 37 വസ്തുക്കളും കോടതിയിൽ ഹാജരാക്കി.
പാറശ്ശാല പോലീസ് സബ് ഇൻസ്പെക്ടർ ശ്രീജിത്ത് ജനാർദ്ദനൻ പ്രാഥമിക അന്വേഷണം നടത്തിയ കേസിൽ സർക്കിൾ ഇൻസ്പെക്ടർമാരായ ഇ.കെ.സോൾജി മോൻ, എം.ആർ.മൃദുൽ കുമാർ, ടി.സതികുമാർ എന്നിവർ കൂടുതൽ അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശ്ശാല എ. അജികുമാർ ഹാജരായി.