മനാമ: ഓണത്തെ വരവേൽക്കാൻ ലുലു ഹൈപ്പർമാർക്കറ്റ് ഒരുങ്ങിക്കഴിഞ്ഞു. ഓണത്തിന്റെ ഭാഗമായി വലിയ രീതിയിലുള്ള പ്രൊമോഷനാണ് ഒരുക്കിയിട്ടുള്ളത്. ആഗസ്റ്റ് 19ന് തുടങ്ങിയ ഓണം ഓഫറുകൾ സെപ്റ്റംബർ ആറ് വരെ നീണ്ടുനിൽക്കും. ഓണത്തിനായി സാരി, ചുരിദാർ, മുണ്ട് തുടങ്ങിയ തുണിത്തരങ്ങൾക്കെല്ലാം ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. 10 ദിനാറിന് വസ്ത്രങ്ങൾ വാങ്ങിച്ചാൽ 5 ദിനാറിന്റെ ഷോപ്പിംഗ് വൗച്ചർ ലഭ്യമാകും.
ഓണത്തോടനുബന്ധിച്ചു ഉപഭോക്താക്കൾക്കായി 15 ഇനം പച്ചക്കറികൾ ഉൾപ്പെടുത്തിയ ഓണക്കിറ്റും ഒരുക്കും. ഓണത്തെ വരവേൽക്കാൻ 100 ടൺ പഴങ്ങളും പച്ചക്കറികളും ഇന്ത്യയിൽ നിന്നും എത്തിച്ചിട്ടുണ്ട്. രണ്ടുതരം പായസമുൾപ്പെടെ 22 ഇനം വിഭവങ്ങൾ ഉൾപ്പെടുത്തിയ ഓണസദ്യയും തയ്യാറാക്കും. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് ഓണസദ്യ വീട്ടിലെത്തിച്ചു കൊടുക്കും. ലുലു ഹൈപ്പർ മാർക്കറ്റിന്റെ വെബ്സൈറ്റ് വഴിയും ഓണസദ്യയ്ക്ക് ഓർഡർ ചെയ്യാം. എന്നാൽ ചുരുങ്ങിയത് രണ്ടു സദ്യയ്ക്കുള്ള ഓർഡർ ഉണ്ടായിരിക്കണം. നേരിട്ടെത്തിയും സദ്യ വാങ്ങാൻ സാധിക്കും. 17 തരം പായസങ്ങൾ ഉൾപ്പെടുത്തിയ പായസമേളയും നടക്കുന്നുണ്ട്.