ആലപ്പുഴ: പ്രമുഖ മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീന് പിടിയില്‍. ഇന്നലെ ആലപ്പുഴ കെ.എസ്.ആര്.സി ബസ് സ്റ്റാന്‍ഡില്‍നിന്നാണ് തീവ്രവാദവിരുദ്ധസേന (എ.ടി.എസ്) മൊയ്തീനെ അറസ്റ്റുചെയ്തത്. സി.പി.ഐ (മാവോയിസ്റ്റ്) കബനി ദളത്തിലെ അവശേഷിക്കുന്ന കണ്ണിയാണ്.
മൊയ്തീന് കഴിഞ്ഞദിവസം അങ്കമാലിയിലെത്തിയതായും തുടര്‍ന്ന് മറ്റൊരിടത്തേക്ക് മാറിയതായും വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ആലപ്പുഴയിലും എറണാകുളത്തുമടക്കം തിരച്ചില്‍ വ്യാപിപ്പിച്ചിരുന്നു.
കഴിഞ്ഞ പത്തു ദിവസത്തിനിടെ കബനി ദളത്തിലെ മറ്റു രണ്ടു പേരെ എ.ടി.എസ്. പിടികൂടിയിരുന്നു. ജൂലായ് 27ന് ഷൊര്‍ണൂരില്‍നിന്ന് സോമനും 18ന് കൊച്ചിയില്‍നിന്ന് മനോജുമാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന സന്തോഷ് തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുന്നതായാണ് എ.ടി.എസിന് ലഭിച്ച വിവരം.
വയനാട്ടുകാരിയായ ജിഷയാണ് കേരളത്തില്‍നിന്നുള്ള മറ്റൊരംഗം. ഇവര്‍ കര്‍ണാടക വിരാജ്പേട്ട കേന്ദ്രീകരിച്ചുള്ള വിക്രം ഗൗഡയുടെ സംഘത്തിലാണുള്ളത്. കബനി ദളത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മൊയ്തീന് മാത്രമാണ് നിലവില്‍ സംസ്ഥാന അവശേഷിക്കുന്നതെന്ന് പോലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു.
കേരളത്തിലും തമിഴ്നാട്ടിലുമായി നാടുകാണി ദളം, ശിരുവാണി ദളം, ബാണാസുര ദളം, കബനി ദളം എന്നിങ്ങനെ നാല് മേഖലാ വിഭാഗങ്ങളായി തിരിഞ്ഞായിരുന്നു മുമ്പ് ഇവരുടെ പ്രവര്‍ത്തനം. തീവ്രവാദവിരുദ്ധ സേനയുമായുള്ള നിരന്തര ഏറ്റുമുട്ടലുകളില്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതോടെയാണ് മറ്റു ദളങ്ങളുടെ പ്രവര്‍ത്തനം നിലച്ചത്.
ബാണാസുര ദളം കബനി ദളത്തോട് ചേര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു. ഇതിനിടെ കീഴടങ്ങല്‍ പുനരധിവാസത്തിന് മാവോയിസ്റ്റ് ലിജേഷ് തയ്യാറായി. പലയിടത്തുനിന്നായി പിടിയിലായ മാവോയിസ്റ്റുകളില്നിന്നുള്ള വിവരങ്ങളും പോലീസിന് സഹായമായി.
കാപ്പിക്കളത്തും ചപ്പാരത്തും കണ്ണൂര്‍ അയ്യന്‍കുന്നിലും പോലീസുമായും തീവ്രവാദവിരുദ്ധസേനയുമായും ഏറ്റുമുട്ടലുകള്‍ നടന്നതോടെ ഒരു സംഘം കര്‍ണാടകയിലേക്ക് മാറി. പിന്നീട് സി.പി. മൊയ്തീന്റെ നേതൃത്വത്തില്‍ നാലുപേര്‍ മാത്രമായിരുന്നു പേര്യ- ആറളം- കൊട്ടിയൂര്‍ വനമേഖലകളിലുണ്ടായിരുന്നത്.
മക്കിമലയില്‍ കുഴിബോംബ് കണ്ടെത്തിയതോടെ നേരിട്ടുള്ള ഏറ്റുമുട്ടലുകളിലേക്ക് മാവോയിസ്റ്റുകള്‍ കടക്കുന്നു എന്നു തിരിച്ചറിഞ്ഞ തീവ്രവാദവിരുദ്ധ സേന പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിനൊപ്പം ജനപിന്തുണ കുറഞ്ഞതും ശക്തമായ മഴയും കൂടിയായതോടെ സംഘം വനമേഖല വിട്ടിറങ്ങാന്‍ നിര്‍ബന്ധിതരായി. ജൂലായ് 17ന് മാവോയിസ്റ്റുകള്‍ കണ്ണൂര്‍ അമ്പായത്തോടുനിന്ന് ഇരിട്ടിവഴി സഞ്ചരിച്ചതിന്റെ വിശദാംശങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മൂന്നു പേര് പിടിയിലായത്.
2019ല്‍ ലക്കിടിയിലെ റിസോര്‍ട്ടില്‍ തണ്ടര്‍ബോള്‍ട്ട് സേനയുടെ വെടിയേറ്റു മരിച്ച മാവോയിസ്റ്റ് സി.പി. ജലീലിന്റെ സഹോദരനാണ് മൊയ്തീന്.