കോഴിക്കോട്: മലപ്പുറം ജില്ലയിൽ ഒരാൾക്കു കൂടി നിപ്പ ലക്ഷണം. 68കാരനെ നിപ്പ ലക്ഷണങ്ങളോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സാംപിൾ പുണെയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിലവിൽ ഐ.സി.യുവിലാണ്. മരിച്ച കുട്ടിയുമായി സമ്പർക്കമില്ലാത്ത ആൾക്കാണ് രോഗലക്ഷണം.
നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ ഖബറടക്കം മലപ്പുറത്ത് നടക്കും. ജില്ലാ കലക്ടർ കുട്ടിയുടെ മാതാപിതാക്കളുമായി നടത്തിയ ചർച്ചയിലാണ് സംസ്കാരം മലപ്പുറത്ത് നടത്താൻ തീരുമാനിച്ചത്.
മലപ്പുറം ജില്ലയിലെ ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. കടകൾ രാവിലെ 10 മണി മുതൽ 5 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ. വിവാഹച്ചടങ്ങുകൾക്ക് 50 പേർ മാത്രമേ പങ്കെടുക്കാവൂ എന്ന നിർദേശവുമുണ്ട്.
ഈ പഞ്ചായത്തുകളിൽ എല്ലാവരും വീടുകളിൽ തന്നെ കഴിയണം. മരിച്ച കുട്ടിയുടെ സെക്കൻഡറി സമ്പർക്കപ്പട്ടിക കൂടി വൈകാതെ തയ്യാറാക്കും.