കൊച്ചി: പെരുമ്പാവൂരില്‍ വന്‍ ലഹരിവേട്ട. പത്ത് ലക്ഷത്തിലേറെ രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍, കഞ്ചാവ്, ഹെറോയിന്‍ എന്നിവയാണ് പിടികൂടിയത്. ഓപ്പറേഷന് ക്ലീന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിര്‍ദ്ദേശപ്രകാരം എ.എസ്.പി മോഹിത് റാവത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘവും പെരുമ്പാവൂര്‍ പോലീസും ചേര്‍ന്ന് നടത്തിയ വ്യാപക പരിശോധനയിലാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്.
പെരുമ്പാവൂര്‍ ജ്യോതി ജങ്ഷനിലെ കടകളുടെ മുകള്‍ത്തട്ടിലുള്ള രഹസ്യ അറകളില്‍നിന്നാണ് പത്ത് ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് അസം നൗഗാവ് സ്വദേശികളായ ആരിഫുല്‍ ഇസ്ലാം (18), മന്‍ജൂറില്‍ ഹഖ് (18), അലി ഹുസൈന് (20) എന്നിവരെ പിടികൂടി.പെരുമ്പാവൂര്‍ ഫിഷ് മാര്‍ക്കറ്റ് ഭാഗത്തുനിന്ന് കഞ്ചാവുമായി അസം നൗഗാവ് സ്വദേശി നജ്മുല്‍ ഹഖ് (27) പിടിയിലായി. കുന്നത്തുനാട് പോലീസ് സ്റ്റേഷന് പരിധിയില്‍ ലാപ് ടോപ് മോഷ്ടിച്ചതിന് ആറുമാസത്തെ ജയില്‍ ശിക്ഷ അനുഭവിച്ച പ്രതിയാണ് ഇയാള്‍.പെരുമ്പാവൂര്‍ കാളച്ചന്ത ഭാഗത്ത് ഒരു ബില്‍ഡിങ്ങിലെ മുറിയിൽനിന്ന് അഞ്ചുകുപ്പി ഹെറോയിനുമായി നൗഗാവ് സ്വദേശി ഖൈറുല്‍ ഇസ്ലാം (34) അറസ്റ്റിലായി. കണ്ണന്തറ ഭാഗത്തുള്ള ബംഗാള്‍ കോളനിയില്‍ നിന്ന് മയക്കുമരുന്ന് ഉപയോഗിച്ച ഒരു മലയാളി യുവാവിനെയും ബിവറേജ് ഭാഗത്ത് പരസ്യമായി മദ്യപിച്ച വരെയും പിടികൂടി. പെരുമ്പാവൂര്‍ പട്ടണത്തില്‍ കഞ്ചാവ് വലിച്ചു കൊണ്ടിരുന്നവരും കസ്റ്റഡിയിലായി. മഞ്ഞപ്പെട്ടി ഭാഗത്ത് പണംവെച്ച് ചീട്ടുകളിയിലേര്‍പ്പെട്ട മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികളെ പിടികൂടി. ഇവരില്‍ നിന്ന് ആറായിരം രൂപയും കണ്ടെടുത്തു. ഇതിന്റെ ഭാഗമായി 17 കേസുകള്‍ പെരുമ്പാവൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു.എസ്.ഐമാരായ റിന്‍സ് എം. തോമസ്, പി.എം റാസിക്, ആല്ബിന് സണ്ണി, ടി.എസ്, സനീഷ്, എ.എസ്.ഐ, പി.എ അബ്ദുല്‍ മനാഫ്, സീനിയര്‍ സി.പി.ഒ മാരായ മനോജ് കുമാര്‍, ബെന്നി ഐസക്ക് എന്നിവരുള്‍പ്പെടുന്ന പോലീസ് ടീം സംഘം തിരിഞ്ഞാണ് പരിശോധന നടത്തിയത്. രാവിലെ ആരംഭിച്ച റെയ്ഡ് വൈകുവോളം നീണ്ടു. നേരത്തെ നടത്തിയ പരിശോധനകളില്‍ അമ്പതു ലക്ഷത്തിലേറെ രൂപയുടെ ലഹരി വസ്തുക്കള്‍ പെരുമ്പാവൂരില്‍ നിന്ന് പോലീസ് പിടികൂടിയിരുന്നു. വരുംദിവസങ്ങളിലും പരിശോധന തുടരും.