മനാമ: ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്ഷോ (ബി.ഐ.എ.എസ്) 2024ന്റെ ഗോൾഡൻ സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയവും രാജ്യത്തെ ജെനസിസ് കാറുകളുടെ എക്സ്ക്ലൂസീവ് ഏജന്റായ ഫസ്റ്റ് മോട്ടോഴ്സും ഒപ്പുവെച്ചു. നവംബര്‍ 13 മുതല്‍ 15 വരെ സഖിര്‍ എയര്‍ബേസില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് എയര്‍ ഷോ.
എക്സിബിഷനില്‍ പങ്കെടുക്കുന്ന ഔദ്യോഗിക പ്രതിനിധികള്‍ക്ക് ഫസ്റ്റ് മോട്ടോഴ്സ് ജി90, ജി80 മോഡല്‍ വാഹനങ്ങള്‍ നല്‍കും. ബഹ്റൈന്‍ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം, റോയല്‍ ബഹ്റൈന്‍ എയര്‍ഫോഴ്സ്, ഫാര്‍ണ്‍ബറോ ഇന്റര്‍നാഷണല്‍ എന്നിവയുടെ സഹകരണത്തോടെയാണ് എയര്‍ ഷോ സംഘടിപ്പിക്കുന്നത്. ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് ബിന്‍ താമര്‍ അല്‍ കഅബിയും ഫസ്റ്റ് മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടര്‍ നവാഫ് ഖാലിദ് അല്‍ സയാനിയുമാണ് കരാറില്‍ ഒപ്പുവെച്ചത്.