മനാമ: അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ബഹ്റൈൻ്റെ ബിരുദദാന ചടങ്ങ് ബഹ്റൈൻ നാഷണൽ തിയേറ്ററിൽ നടന്നു. ഈസാ ബിൻ സൽമാൻ എജുക്കേഷൻ ചാരിറ്റബൾ ട്രസ്റ്റ് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനും ലേബർ ഫണ്ട് ഡയരക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിൽ ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സംബന്ധിച്ചു.
രാജ്യത്തിൻ്റെ സമഗ്ര വികസനത്തിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ രാജ്യത്തെ പൗരർ നൽകുന്ന സംഭാവനയും അതിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ നൽകുന്ന പിന്തുണയും അദ്ദേഹം എടുത്തുപറഞ്ഞു. ബിരുദധാരികളെ അദ്ദേഹം അഭിനന്ദിച്ചു. ചടങ്ങിൽ ബിരുദധാരികൾക്ക് സർട്ടിഫിക്കറ്റുകളും മികച്ച വിജയം നേടിയവർക്ക് സ്വകാര്യ മേഖലയിലെ സ്പോൺസർമാർ നൽകിയ ഉപഹാരങ്ങളും സമ്മാനിച്ചു. യൂണിവേഴ്സിറ്റി പ്രസിഡൻ്റ് ഡോ. ബ്രാഡ്ലി ജെ. കുക്ക് വിദ്യാർത്ഥികൾക്ക് നന്ദി പ്രകടിപ്പിച്ച് സംസാരിച്ചു.