മംഗളൂരു: എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്- മംഗളൂരു വിമാനത്തിൽ ജീവനക്കാരോട് മോശമായി പെരുമാറിയ മലയാളി മംഗളൂരുവിൽ അറസ്റ്റിൽ. കണ്ണൂർ സ്വദേശിയായ മുഹമ്മദ് ബി സിയെയാണ് ജീവനക്കാരുടെ പരാതിൽ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. അറബിക്കടലിന് മുകളിലൂടെ വിമാനം പറക്കുന്നതിനിടെ തനിക്ക് കടലിൽ ചാടാൻ ആഗ്രഹമുണ്ടെന്ന് ഇയാൾ പറഞ്ഞു.
‘ഡൽഹിയിൽ നിന്ന് വിമാനം പുറപ്പെട്ടതിന് പിന്നാലെ മുഹമ്മദ് ടോയ്ലെറ്റിലേയ്ക്ക് പോയി. തിരികെ വന്നതിനുശേഷം മറ്റൊരു യാത്രക്കാരനെക്കുറിച്ച് ഇയാൾ ജീവനക്കാരോട് തിരക്കി. എന്നാൽ ആ പേരിലൊരു യാത്രക്കാരൻ ജീവനക്കാരുടെ കൈവശമുള്ള പട്ടികയിലുണ്ടായിരുന്നില്ല. വിമാനത്തിലെ ജീവനക്കാർ സമീപത്തുണ്ടായിരുന്നിട്ടും ഇയാൾ ബെൽ അമർത്തിക്കൊണ്ടിരുന്നു.ഒരു ലൈഫ് ജാക്കറ്റ് കൈയിലെടുത്ത് ജീവനക്കാരന് നൽകിയതിനുശേഷം വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് തനിക്കിത് ധരിക്കണമെന്ന് പറഞ്ഞു. അനാവശ്യ ചോദ്യങ്ങൾ നിരന്തരം ഉന്നയിച്ച് ജീവനക്കാരെ ശല്യം ചെയ്തു. വിമാനത്തിൽ നിന്ന് കടലിലേയ്ക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തിയ മുഹമ്മദ് മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കിയെന്ന് പൊലീസ് പറഞ്ഞു. വിമാനം മംഗളൂരുവിൽ എത്തിയയുടൻ തന്നെ ജീവനക്കാർ മുഹമ്മദിനെ കസ്റ്റഡിയിലെടുത്ത് രേഖാമൂലമുള്ള പരാതി സഹിതം പൊലീസിന് കൈമാറുകയായിരുന്നു. തുടർന്നാണ് ഇയാൾക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.