മനാമ: ഐ.സി.എസ്.ഐ കൊമേഴ്സ് ഒളിമ്പ്യാഡിൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി ആരാധ്യ കാനോടത്തിൽ ഗോൾഡ് സർട്ടിഫിക്കറ്റിന് അർഹയായി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐസിഎസ്ഐ) 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഒളിമ്പ്യാഡിലാണ് ഈ നേട്ടം. സോണൽ ടോപ്പർ വിഭാഗത്തിൽ ആരാധ്യ രണ്ടാം റാങ്ക് കരസ്ഥമാക്കി. വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ വർദ്ധിപ്പിക്കാനും ദേശീയ അന്തർദേശീയ തലങ്ങളിൽ സമപ്രായക്കാരുമായി മത്സരിക്കാനും അവസരമേകുന്നതാണ് ഈ ഒളിമ്പ്യാഡ്.
ഇന്ത്യൻ സ്കൂളിൽ പതിനൊന്നാം ക്ലാസ് കൊമേഴ്സ് വിദ്യാർത്ഥിനിയായ ആരാധ്യ, പ്രദീപൻ കാനോടത്തിലിൻ്റെയും രാധിക പള്ളിപ്രത്തിൻ്റെയും മകളാണ്. മലയാളിയായ ആരാധ്യ എൽകെജി മുതൽ ഇന്ത്യൻ സ്കൂളിലാണ് പഠിക്കുന്നത്. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി എന്നിവർ വിദ്യാർഥിനിയെ അഭിനന്ദിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ആനന്ദ് നായർ, ജി സതീഷ്, വിനോദ് എസ്, കൊമേഴ്സ് വകുപ്പ് മേധാവി ബിജു വാസുദേവൻ എന്നിവരുടെ സാന്നിധ്യത്തിൽ വി ആർ പളനിസ്വാമി ആരാധ്യക്ക് സർട്ടിഫിക്കറ്റ് സമ്മാനിച്ചു.