ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാന്‍സില്‍ തടഞ്ഞുവെച്ച ഇന്ത്യക്കാരുമായുള്ള വിമാനം എയര്‍ബസ് എ340 വിമാനം മുംബൈയിലേക്ക് പുറപ്പെട്ടു. വിമാനത്തിലെ പലയാത്രക്കാര്‍ക്കും തങ്ങളുടെ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമില്ലെന്നും ഇതേ തുടര്‍ന്ന് മടക്കയാത്ര അനിശ്ചിതത്വത്തിലാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വിമാനം മുംബൈയിലേക്ക് പുറപ്പെട്ടത്. തിങ്കളാഴ്ച രാത്രിയിലോ ചൊവ്വാഴ്ച പുലര്‍ച്ചയോ മുംബൈയില്‍ എത്തുമെന്നുമാണ് വിമാനം രജിസ്റ്റര്‍ ചെയ്തിട്ടുള്ള റൊമാനിയയുടെ ലെജന്റ് എയര്‍ലൈന്‍സ് നിയമോപദേശകയായ ലില്യാന ബകായോക്കോ പറയുന്നത്.
ദുബായില്‍ നിന്ന് 303 യാത്രക്കാരുമായി നിക്കര്വാഗയിലേക്കുപോയ എയര്‍ബസ് എ340 വിമാനം വ്യാഴാഴ്ചയാണ് സാങ്കേതിക തകരാറിനെത്തുടര്‍ന്ന് കിഴക്കന്‍ ഫ്രാന്‍സിലെ വാട്രി വിമാനത്താവളത്തിലിറക്കിയത്. പിന്നാലെ യാത്രക്കാര്‍ മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ഫ്രഞ്ച് പോലീസ് ഇടപെടുകയായിരുന്നു. യാത്രക്കാരില്‍ മിക്ക ആളുകളും ഇന്ത്യക്കാരാണ്. ഇവരില്‍ ചിലര്‍ തമിഴും മറ്റു ചിലര്‍ ഹിന്ദിയുമാണ് സംസാരിക്കുന്നതെന്നാണ് വിവരം. ഫ്രഞ്ച് പോലീസ് തടഞ്ഞുവെച്ച ഇവരെ ഇന്ത്യയിലേക്ക് മടക്കി അയക്കാന്‍ തീരുമാനിച്ചെങ്കിലും ചില യാത്രക്കാര്‍ മടങ്ങാന്‍ കൂട്ടാക്കുന്നില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
‘ചില യാത്രക്കാര്‍ ദുഃഖിതരായിരുന്നു. അവര്‍ക്ക് നേരത്തെ നിശ്ചയിച്ചതുപോലെ നിക്കാരഗ്വായിലേക്ക് യാത്ര ചെയ്യാനായിരുന്നു ആഗ്രഹം. 200-250 ഓളം യാത്രക്കാര്‍ മാത്രമാണ് തിരിച്ചുവരാന്‍ സമ്മതിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു’ ലില്യാന ബകായോക്കോ പറഞ്ഞു. അതേസമയം വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരെ തടങ്കലില്‍ വെച്ചതായാണ് വിവരം. രേഖകളില്ലാതെ വിദേശികളെ രാജ്യത്തേക്ക് കടത്താന്‍ ഗൂഢാലോചന നടത്തിയതിന് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയേക്കും. അതിനിടെ ഇന്ത്യന്‍ യാത്രക്കാരെ നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യം വേഗത്തില്‍ പരിഹരിച്ചതില്‍ ഫ്രഞ്ച് സര്‍ക്കാരിനും വാട്രി വിമാനത്താവള അധികൃതര്‍ക്കും ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി നന്ദി അറിയിച്ചു. സ്ഥിതിഗതികള്‍ സൂക്ഷമമായി വീക്ഷിച്ച് ഇന്ത്യന്‍ എംബസി ടീമുമായി പ്രവര്‍ത്തിച്ച ഇന്ത്യന്‍ ഏജന്‍സികള്‍ക്കും നന്ദി അറിയിച്ചു.