എരുമേലി ∙ തിരക്ക് വർധിച്ചതിനെ തുടർന്ന് എരുമേലിയിൽ തീർഥാടകരും പൊലീസും തമ്മിൽ തർക്കം. രാവിലെ മുതൽ ശബരിമലയ്ക്കുള്ള തീർഥാടക വാഹനങ്ങൾ പാർക്കിങ് മൈതാനങ്ങളിൽ പൊലീസ് തടഞ്ഞിരുന്നു. ഇതിനിടെ കേരള റജിസ്ട്രേഷനുള്ള ശബരിമല വാഹനങ്ങൾ പോകാൻ അനുവദിച്ചെന്നു പറഞ്ഞ് ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയ തീർഥാടകർ കേരള റജിസ്ട്രേഷൻ വാഹനങ്ങൾ തടയുകയായിരുന്നു.
നിലയ്ക്കലിൽ തിരക്ക് വർധിച്ചതിനെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം വന്നതിനെ തുടർന്നാണ് എരുമേലിയിൽ തീർഥാടക വാഹനങ്ങൾ തടഞ്ഞത്. അതിനിടെ, വാഹനങ്ങൾ തടഞ്ഞ പൊലീസ് നടപടിയെ ചോദ്യം ചെയ്ത ദേവസ്വം ബോർഡ് അംഗം അജികുമാറിന്റെ നടപടിക്കെതിരെ പത്തനംതിട്ട എസ്പി രംഗത്തെത്തി. സംഭവത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റിനെ എസ്പി പ്രതിഷേധം അറിയിച്ചു.