ന്യൂഡൽഹി: മഹാദേവ് ബെറ്റിങ് ആപ് തട്ടിപ്പ് കേസിലെ പ്രധാന പ്രതി രവി ഉപ്പൽ ദുബായിൽ പിടിയിലായി. മഹാദേവ് ആപ്പിന്റെ രണ്ട് ഉടമകളിൽ ഒരാളാണ് രവി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിർദേശം അനുസരിച്ച് ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ദുബായ് പൊലീസ് രവി ഉപ്പലിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച ഇയാൾ അറസ്റ്റിലായതായാണ് വിവരം. വൈകാതെ ഇന്ത്യയ്ക്ക് കൈമാറിയേക്കും.
നിയമവിരുദ്ധമായി വാതുവയ്പ്പ് ആപ്പിലൂടെ കള്ളപ്പണ ഇടപാട് നടത്തിയെന്നും കോടികൾ സമ്പാദിച്ചുവെന്നുമാണ് ഇവർക്കെതിരെയുള്ള കേസ്. ഛത്തീസ്ഗഡിലും മുംബൈയിലും പൊലീസ് കേസെടുത്തിരുന്നു. പസിഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ വനൗതുവിലേക്ക് പോകാൻ ഇയാൾ ശ്രമിച്ചിരുന്നതായി അന്വേഷണ ഏജൻസിക്ക് വിവരം ലഭിച്ചു. 6,000 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നതായാണ് ഇ.ഡിയുടെ കണ്ടെത്തൽ. കാർഡ് ഗെയിമുകൾ, ക്രിക്കറ്റ്, ബാഡ്മിന്റൻ, ടെന്നിസ്, ഫുട്ബോൾ തുടങ്ങിയ തത്സമയ ഗെയിമുകളിൽ അനധികൃത വാതുവയ്പ് നടത്തുന്നതിനുള്ള പ്ലാറ്റ്ഫോമാണ് മഹാദേവ് ഓൺലൈൻ ബുക്കിങ് ആപ്ലിക്കേഷൻ. ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകറും രവി ഉപ്പലുമാണ് ആപ്പിന്റെ പ്രധാന പ്രമോട്ടർമാർ. ഇവരുടെ പ്രവർത്തനങ്ങൾ ദുബായ് കേന്ദ്രീകരിച്ചായിരുന്നു.