ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മിഗ്ജോം ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ചെന്നൈയിൽ കനത്ത മഴ. നഗരത്തിലെ ഭൂരിഭാഗം മേഖലകളും വെള്ളക്കെട്ടാണ്. ഇ.സി.ആറിൽ മതിൽ തകർന്നുവീണ് രണ്ടുപേർ മരിച്ചു. വേലച്ചേരിയിൽ കെട്ടിടം തകർന്നു വീണ് ആറു പേർക്ക് പരുക്ക്. തമിഴ്നാട്ടിൽ 5000 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു . നാളെയാണ് ചുഴലിക്കാറ്റ് ആന്ധ്രപ്രദേശിൽ കര തൊടുക. വിഡിയോ റിപ്പോര്ട്ട് കാണാം.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം മിഗ്ജോം ചുഴലിക്കാറ്റായി മാറിയതോടെ ചെന്നൈയിൽ പ്രളയ സമാന സാഹചര്യമാണ്. ചെന്നൈ തീർത്തു നിന്ന് 150 കിലോമീറ്റർ ദൂരത്താണ് ചുഴലിക്കാറ്റ് നിലവിലുള്ളത്. ഇതിന്റെ പ്രഭാവത്തിൽ ഒരാഴ്ചയായി തുടരുന്ന മഴ ഇന്നലെ രാത്രിയോടെ ശക്തി പ്രാപിച്ചു. ചെന്നൈ ഇ.സി.ആർ റോഡിൽ മതിൽ തകർത്ത് വീണ് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു. വേലഞ്ചേരിയിൽ കെട്ടിടം തകർന്നുവീണ് ആറു പേർക്കും , അടയാറിൽ മരം കടപുഴകി വീണ് ഒരാൾക്കും പരുക്കേറ്റു. മടിപാക്കത്ത് ഫ്ലാറ്റ് സമുച്ചയത്തിലെ വാഹനങ്ങൾ ഒഴുകിപ്പോയി. റൺവേയിൽ വെള്ളം കയറിയതോടെ ചെന്നൈ വിമാനത്താവളം അടച്ചു. ചെന്നൈയിലും 4 സമീപ ജില്ലകളിലും സർക്കാർ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈയിലും പുതുച്ചേരിയിലും റെഡ് അലർട്ടാണ്. പുതുച്ചേരി ബീച്ച് റോഡിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉച്ചക്ക് ശേഷം കാറ്റ് ചെന്നൈ തീരത്ത് നിന്നും 100 കിലോമീറ്റർ അകലെയെത്തും , തുടർന്ന് തമിഴ്നാട് തീരത്തിനോട് സമാന്തരമായി സഞ്ചരിച്ച് ആന്ധ്രപ്രദേശിൽ നാളെ പുലർച്ചയാണ് കര തൊടുക. ആന്ധ്രപ്രദേശിലെ മെച്ചിലിപാക്കത്ത് നിന്നും 8000ത്തോളം പേരെയാണ് മാറ്റി പാർപ്പിച്ചത്. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് 130 ട്രെയിൻ സർവീസുകൾ ദക്ഷിണ റെയിൽവേ റദ്ദാക്കി.