മനാമ : മലർവാടി, ടീൻ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ച് മീഡിയവൺ സംഘടിപ്പിക്കുന്ന ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിൻ്റെ റിഫ ഏരിയാ തല രജിസ്ട്രേഷൻ ആരംഭിച്ചു. 2021 ലെ മലർവാടി ലിറ്റിൽ സ്കോളർ എൽ. പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ഹയ മറിയം ആണ് രെജിസ്റ്റർ ചെയ്ത് ഉദ്ഘാടനം നിർവഹിച്ചത്. ദിശ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ മലർവാടിയുടേയും ടീൻ ഇന്ത്യയുടേയും നിരവധി കൂട്ടുകാരും പങ്കെടുത്തു.
ലോകമെമ്പാടുമുള്ള മലയാളി വിദ്യാർഥികളുടെ വൈജ്ഞാനികോന്നമനം ലക്ഷ്യമിട്ട് 20 വർഷത്തിലേറെയായി സംഘടിപ്പിക്കുന്ന അറിവിന്റെ ഉത്സവമാണ് ലിറ്റിൽ സ്കോളർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളുടെ വിദ്യാഭ്യാസ യാത്രക്ക് കരുത്തും കാതലുമൊരുക്കുന്നതിൽ ലിറ്റിൽ സ്കോളർ വലിയ സംഭാവന നൽകിയിട്ടുണ്ട്. പുസ്തകങ്ങളിലെ ഔപചാരിക പാഠങ്ങൾക്കപ്പുറം ചരിത്രവും ശാസ്ത്രവും സംസ്കാരവുമെല്ലാമടങ്ങുന്ന അറിവിന്റെ വൈവിധ്യങ്ങളിലേക്ക് കുട്ടികളെ അത് കൈപിടിച്ചുനടത്തി. മത്സര ക്ഷമതയും മൂല്യബോധവും ഇഴചേർത്ത് അറിവിനെ ആഘോഷമാക്കുന്ന ഒരു തലമുറയെയാണ് ലിറ്റിൽ സ്കോളർ രൂപപ്പെടുത്തുന്നത്. വിജയികൾക്കും പങ്കെടുക്കുന്നവർക്കും നിരവധി സമ്മാനങ്ങളാണ് ലഭിക്കുക.
മത്സരത്തിൽ പങ്കെടുക്കുന്നവർ https://littlescholar. mediaoneonline.com എന്ന ലിങ്കിൽ കയറിയാണ് റെജിസ്റ്റർ ചെയ്യേണ്ടത്. പരീക്ഷയുമായി ബന്ധപ്പെട്ട വാർത്തകൾക്കും വിശദാംശങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ഉൽഘാടന ചടങ്ങിൽ മലർവാടി , ടീൻ ഇന്ത്യ ബഹ്റൈൻ സഹ രക്ഷാധികാരി ജമാൽ നദ് വി, ലിറ്റിൽ സ്കോളർ കർമ്മസമിതി അംഗങ്ങളായ അബ്ദുൽ ഹഖ്, സക്കീർ ഹുസൈൻ, സൗദ പേരാമ്പ്ര, ഷാനി സക്കീർ, ലുലു അബ്ദുൽ ഹഖ്, തുടങ്ങിയവർ പങ്കെടുത്തു.