തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിനുവേണ്ടി സ്വന്തം ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു ആനത്തലവട്ടം ആനന്ദൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കരുത്തുറ്റ സംഘാടനും ട്രേഡ് യൂണിയൻ നേതാവുമായിരുന്നു ആനത്തലവട്ടം. തൊഴിലാളികളുടെ പൊതുവിലും, കയർതൊഴിലാളികളുടെ പ്രത്യേകിച്ചും അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ആനത്തലവട്ടം, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെടുക്കുന്നതിലും അതിന് വിപുലമായ ജനസ്വീകാര്യത ഉണ്ടാക്കുന്നതിലും വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യം ഉള്ളതാണെന്നും അദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു. തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിനുവേണ്ടി സ്വന്തം ജീവിതം തന്നെ സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കരുത്തുറ്റ സംഘാടനും ട്രേഡ് യൂണിയൻ നേതാവുമായിരുന്നു സഖാവ്. തൊഴിലാളികളുടെ പൊതുവിലും, കയർതൊഴിലാളികളുടെ പ്രത്യേകിച്ചും അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സഖാവ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെടുക്കുന്നതിലും അതിന് വിപുലമായ ജനസ്വീകാര്യത ഉണ്ടാക്കുന്നതിലും വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യം ഉള്ളതാണ്.
സിഐടി യുവിൻ്റെ അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ്, സംസ്ഥാന പ്രസിഡൻ്റ് എന്നീ നിലകളിൽ നടത്തിയ പ്രവർത്തനങ്ങൾ അവിസ്മരണീയമാണ്. പ്രഗൽഭനായ നിയമസഭാ സാമാജികൻ, ആശയപ്രചാരകൻ, പ്രഭാഷകൻ, സംഘാടകൻ എന്നിങ്ങനെ നിരവധി തലങ്ങളിൽ അദ്ദേഹത്തിൻ്റെ സംഭാവനകൾ സമാനതകളില്ലാത്തതാണ്. വർഗ്ഗീയതയ്ക്കെതിരെ മതനിരപേക്ഷതയുടെ പക്ഷത്ത് തൊഴിലാളികളുടെയും ജനങ്ങളുടെയാകെയും ഐക്യം ഊട്ടിയുറപ്പിക്കുന്നതിൽ അദ്ദേഹം സവിശേഷ ശ്രദ്ധ പതിപ്പിച്ചിരുന്നു. തൊഴിലാളികളുടെ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് തീരദേശത്തുകൂടി നേത്യത്വം നൽകിയ ജാഥ സഖാവ് ആനത്തലവട്ടത്തിൻ്റെ സംഘാടക മികവിൻ്റെ ദൃഷ്ടാന്തങ്ങളിലൊന്നായി. 1954 ൽ കൂലിക്കുവേണ്ടി നടന്ന കയർ തൊഴിലാളി പണിമുടക്ക് മുതലിങ്ങോട്ട് കയർ തൊഴിലാളി സമരങ്ങളിൽ സജീവമായിരുന്നു സഖാവ്. കയർ അപെക്സ് ബോർഡിൻ്റെ ചെയർമാൻ എന്ന നിലയിൽ അദ്ദേഹം കയർ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുവേണ്ടി നടത്തിയ പ്രവർത്തനങ്ങളും മാതൃകാപരമായിരുന്നു.