തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സംവിധാനം പാടെ തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ജനങ്ങളുടെ ജീവന് സംരക്ഷണം നല്കുന്നതില് പോലീസ് പരാജയപ്പെട്ടു. അമ്മയോടൊപ്പം ഉറങ്ങി കിടക്കുന്ന പെണ്മക്കളെ ആര്‍ക്കും എടുത്ത് കൊണ്ട് പോയി പീഡിപ്പിച്ച് കൊല്ലാന്‍ കഴിയുന്ന നാടായി കേരളം മാറി. അത് തടയാന്‍ കഴിയാതെ പോലീസ് വലിയ സംഭവമാണെന്ന് വീമ്പ് പറയുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയില്‍ ആലുവയിലെ പീഡനവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
‘പോക്സോ കേസില്‍ ഇടപ്പെട്ട മുന്‍ എംഎല്‍എയെ പാര്‍ട്ടിയില്‍ തരംതാഴ്ത്തി. പക്ഷെ കേസെടുത്തില്ല. അതാണ് ഇവിടുത്തെ സ്ത്രീ സംരക്ഷണം. തൃശൂരിലും ആലപ്പുഴയിലും സ്ത്രീകള്‍ അപമാനിക്കപ്പെട്ട സംഭവങ്ങളില്‍ പാര്‍ട്ടി ഒതുക്കി തീര്‍ത്തു. പോലീസ് സംവിധാനം ആകെ തകര്‍ന്നു. ഡിജിപി വിളിച്ചാല്‍ എസ്പി കേള്‍ക്കില്ല. എസ്പി വിളിച്ചാല്‍ എസ്എച്ച്ഒ കേള്‍ക്കില്ല. അവര്‍ക്കെല്ലാം പാര്‍ട്ടി ജില്ലാ സെക്രട്ടറി വിളിക്കണം. പാര്‍ട്ടി പോലീസ് സ്റ്റേഷനും പാര്‍ട്ടി കോടതിയുമാക്കി ഒരു ഉപജാപകസംഘം സംസ്ഥാനത്ത് പോലീസ് ഭരണത്തെ ഹൈജാക്ക് ചെയ്തതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്’ സതീശന് പറഞ്ഞു.
പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി സഹായം നല്‍കിയെന്ന് പറഞ്ഞ 8000 രൂപ ശമ്പളം പറ്റുന്ന തൂപ്പുകാരിയെ പിരിച്ചുവിട്ടു. എന്നിട്ട് ആ പാവത്തിന്റെ പേരില്‍ കേസെടുത്തു. 94 വയസ്സുള്ള ഗ്രോവാസുവിന്റെ വാ പൊത്തിപ്പിടിച്ചു പോലീസ്. മുദ്രാവാക്യം വിളിച്ച് അധികാരത്തിലേറിയ കമ്യൂണിസ്റ്റ് സര്‍ക്കാരല്ലേ നിങ്ങളെന്ന് സതീശന് ചോദിച്ചു. ’94 വയസ്സുകാരന് പതിഞ്ഞ ശബ്ദത്തില്‍ മുദ്രാവക്യം വിളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വാ പൊത്തിപ്പിടിച്ചു. തൊപ്പി വെച്ച് ഗ്രോ വാസുവിന്റെ മുഖം മറച്ചു പോലീസ്’ പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് പോലീസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത് സംഭയില്‍ ബഹളത്തിനിടയാക്കി. മന്ത്രിമാരടക്കം എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു. പുതുപ്പള്ളിയില്‍ ആള്‍മാറാട്ടം നടത്തിയതിനെ പ്രതിപക്ഷ നേതാവ് ന്യായീകരിക്കുകയാണെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നതിനിടെയായിരുന്നു ചിഞ്ചു റാണി ഇടപ്പെട്ട് പ്രതിരിച്ചത്. ഇതേ തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങളും ബഹളംവെച്ചു. ഇറങ്ങിപോയ കോണ്‍ഗ്രസ് എംഎല്‍എമാരടക്കം നടുത്തളത്തിലിറങ്ങി. മന്ത്രി ചിഞ്ചു റാണിക്ക് വീണ്ടും സംസാരിക്കാന്‍ അവസരം നല്കിയ സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് വാക്കൗട്ട് പ്രസംഗം നടത്താതെ തന്നെ ലീഗടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും സഭവിട്ടു.