മനാമ: കോടതി വിധി ലഭിച്ചതും , പിഴ അടക്കാത്തതും സാമ്പത്തിക പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരുമായ ബഹ്റൈൻ പൗരന്മാരെ സഹായിക്കാൻ ഹ്യൂമാനിറ്റേറിയൻ വർക്ക് ആന്റ് യൂത്ത് അഫയേഴ്സ് പ്രതിനിധിയും, ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ഷെയ്ഖ് നാസ്സർ ബിൻ ഹമദ് അൽ ഖലീഫ നിർദ്ദേശം നൽകി. “ഫീന ഖൈർ” കാമ്പയിന്റെ ഏകോപന, തുടർ സമിതിക്കാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.
പദ്ധതിയുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിന്റെയും നീതിന്യായ മന്ത്രാലയത്തിന്റെയും ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റിന്റെയും സഹകരണത്തോടെ പിന്തുണ നൽകും.“ഫെയ്ൽ ഖൈർ” പ്രചാരണ അപേക്ഷയിൽ ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടികയിൽ ഉൾപ്പെട്ട നിരവധി കുറ്റവാളികളുടെ കടങ്ങളും പിഴയും അടയ്ക്കാൻ ഷെയ്ഖ് നാസർ നിർദ്ദേശം നൽകി. കുറ്റവാളികളുടെ കടങ്ങളും പിഴയും അടയ്ക്കാൻ ഇത് രണ്ടാം തവണയാണ് ഷെയ്ഖ് ഉത്തരവിടുന്നത്.
സാമ്പത്തിക ഞെരുക്കവും കഷ്ടപ്പാടും അനുഭവിക്കുന്നവർക്ക് പണം സംഭാവന ചെയ്യാൻ ആളുകളെ പ്രാപ്തരാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം ആരംഭിച്ചതാണ് ‘ഫീൽ ഖൈർ’ പദ്ധതി. ഇതിലേക്ക് ‘ഫീന ഖൈർ’ ക്യാമ്പയിനിൽ നിന്ന് 3,30,000 ബിഡി അനുവദിക്കാൻ ഷെയ്ഖ് നാസർ ഉത്തരവിട്ടു.