മനാമ: ഏകദൈവ വിശ്വാസമായ തൗഹീദിൽ അടിയുറച്ച് നിന്ന് കൊണ്ട് പ്രവാചകൻ ഇബ്രാഹിം നബി നടത്തിയ പരിത്യാഗത്തിൽ ഏതൊരു വിശ്വസിക്കും പാഠമുണ്ടെന്ന് ഉമർ ഫൈസി ഓർമ്മിപ്പിച്ചു.
ബഹ്റൈൻ സുന്നി ഔഖാഫിന്റെ നേതൃത്വത്തിൽ തർബിയ ഇസ്ലാമിക് സൊസൈറ്റിയുമായി സഹകരിച്ചുകൊണ്ടു ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാളം വിഭാഗം നടത്തിയ ഈദ് ഗാഹുകളിൽ ഒന്നായ ഹൂറ ഉമ്മ് ഐമൻ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈ ദ് പ്രാർത്ഥനകൾക്ക് ശേഷമുള്ള ഖുതുബ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഉമ് അൽ ഹസ്സ്വം സ്പോർട്സ് ക്ലബ്ബ് ഗ്രൗണ്ടിൽ നടന്ന ഈദ് നമസ്കാരത്തിന് സെന്റർ ദാഇ സമീർ ഫാറൂഖി നേതൃത്വം നൽകി. പ്രവാചകൻ ഇബ്രാഹിം നബിയുടെ ത്യാഗത്തെ പ്രതീകാത്മകമായി കണ്ട് കൊണ്ട് ജീവിതത്തിൽ നിന്നുള്ള തിന്മകളെ അറുത്തു മാറ്റാൻ ഓരോ വിശ്വാസിയും പ്രതിജ്ഞ എടുക്കണമെന്ന് അദ്ദേഹം ഉൽബോധിപ്പിച്ചു.
മുഹറഖ്, ഹിദ്ദ്, അറാദ് എന്നീ പ്രദേശത്തുള്ളവരുടെ സൗകര്യാർത്ഥം അൽ ഹിദായ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഹിദ്ദ് സെക്കൻഡറി ഗേൾസ് ഹൈ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ്ഗാഹിന് അബ്ദു ലത്വീഫ് അഹ്മദ് നേതൃത്വം നൽകി.