മനാമ: അൽ നൂർ ഇന്റർനാഷണൽ സ്കൂളിലെ സിബിഎസ്ഇ വിഭാഗം ഗ്രാജുവേഷൻ ദിനം ആഘോഷിച്ചു. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ സ്കൂൾ ചെയർമാൻ അലി ഹസൻ, സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, പ്രിൻസിപ്പൽ അമീൻ ഹുലൈവ, വൈസ് പ്രിൻസിപ്പൽ, ക്വാളിറ്റി അഷ്വറൻസ് വകുപ്പ് അംഗങ്ങൾ, പ്രധാന അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. ബഹ്റൈനിന്റെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങളോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് വിശുദ്ധ ഖുർആൻ പാരായണവും നടന്നു.
AISSCE സ്കൂൾ ടോപ്പർമാർ സയൻസ് സ്ട്രീമിലെ ഇലകിയ നെഹ്റു, കൊമേഴ്സ് വിഭാഗത്തിലെ സാവിയോ മാർട്ടിൻ, AISSE ടോപ്പർ അദ്വൈത് ജോബി എന്നിവർ സ്കൂൾ ചെയർമാൻ അലി ഹസനിൽ നിന്നും അംബാസിഡർ പിയൂഷ് ശ്രീവാസ്തവയിൽ നിന്നും മെമെന്റോകളും ബിരുദ സർട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി. 2022-2023 അക്കാദമിക് സെഷന്റെ X, XII ഗ്രേഡ് ഔട്ട്ഗോയിംഗ് ബാച്ചിലെ എല്ലാ വിദ്യാർത്ഥികൾക്കും ബിരുദ സർട്ടിഫിക്കറ്റുകൾ നൽകി.
സിബിഎസ്ഇ ബോർഡ് പരീക്ഷകളിൽ മികച്ച വിജയം നേടിയ സ്കൂളിനെയും അധ്യാപകരെയും രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും മുഖ്യാതിഥി ശ്രീ.പിയൂഷ് ശ്രീവാസ്തവ അഭിനന്ദിച്ചു. സ്കൂൾ ചെയർമാൻ അലി ഹസൻ, വിദ്യാർത്ഥികളുടെ നേട്ടങ്ങളെ അഭിനന്ദിക്കുകയും അവരുടെ ഭാവി പ്രവർത്തനങ്ങളിൽ വിജയിക്കട്ടെയെന്നും ആശംസിച്ചു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിച്ച സമയത്തിനും ഊർജത്തിനും സ്കൂളിലെ പ്രധാന അധ്യാപകർക്കും കോ-ഓർഡിനേറ്റർമാർക്കും അധ്യാപകർക്കും അദ്ദേഹം നന്ദി പറഞ്ഞു.
ഇല്ലാക്കിയ നെഹ്റു, ധവാനി മേത്ത, സൂഫിയ സാബർ ഗോൾഷാനി, രസിക മിക്കി ഷാജി എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. സിബിഎസ്ഇ വിഭാഗത്തിലെ പ്രധാന അധ്യാപികയായ മോണിക്ക സേത്തിയുടെ നന്ദിപ്രകടനത്തോടെ പരിപാടി സമാപിച്ചു.